എമ്പുരാന്‍ സമീപ കാലത്തിറങ്ങിയ ശക്തമായ രാഷ്ട്രീയ സിനിമ; ആഘോഷിക്കപ്പെടണമെന്ന് പി. സന്തോഷ് കുമാര്‍
ന്യൂഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമയായ എമ്പുരാന്‍ സമീപ കാലത്തിറങ്ങിയ ശക്തമായ രാഷ്ട്രീയ സിനിമയെന്ന് സി.പി.എം എം.പി പി. സന്തോഷ് കുമാര്‍. എമ്പുരാന്‍ ആഘോഷിക്കപ്പെടേണ്ട സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലെ സെന്‍സര്‍ ബോര്‍ഡും ഇടപെടണം എന്നാണ് ബി.ജെ.പി കരുതുന്നതെന്ന് ഇപ്പോള്‍ പരസ്യമായില്ലേ എന്നും സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി.
എമ്പുരാനില്‍ സി.പി.എമ്മിനെതിരെ ചെറിയ രീതിയിലേ പരാമര്‍ശമുള്ളൂവെന്നും അത് പര്‍വതീകരിക്കേണ്ടതില്ലെന്നും പി. സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, എമ്പുരാൻ സിനിമ വീണ്ടും സെൻസർ ചെയ്തേക്കുമെന്ന് വിവരമുണ്ട്. ചിത്രത്തിൻറെ 17 ഭാഗങ്ങളിലായാണ് മാറ്റംവരുക. കഥയിലെ വില്ലൻ കഥാപാത്രം ഉൾപ്പെടെയുള്ള വേഷങ്ങളുടെ പേരുകളിലാണ് മാറ്റം വരുത്തുന്നതെന്നാണ് റിപ്പോർട്ട്.
സംഘ്പരിവാർ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം കൊണ്ട് വരുന്നത്. സിനിമയിലെ പുതിയ മാറ്റങ്ങൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു അസാധാരണ നടപടിയാണിത്. സെൻസർ ബോർഡിൻറെ അനുമതി ലഭിച്ചു റീലീസ് ചെയ്ത സിനിമ വിജയമായെന്ന് നിർമാതാക്കൾ അവകാശപെടുമ്പോളാണ് റീ സെൻസർ തീരുമാനത്തിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.