ചിന്നക്കനാൽ പുനരധിവാസം: അപൂർണവിവരങ്ങൾ സംസാരിക്കാതെ വകുപ്പിലെ ഫയലുകൾ പരിശോധിക്കണമെന്ന് വനംമന്ത്രിയോട് മുൻ പി.സി.സി.എഫ്; ആരും അസ്വസ്ഥരാകേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: ചിന്നക്കനാലിലെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് വനംമന്ത്രിക്ക് വിശദീകരണവുമായി മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) പ്രകൃതി ശ്രീവാസ്തവ. അപൂർണ്ണമായ വിവരങ്ങൾ വെച്ച് പൊതുമധ്യത്തിൽ സംസാരിക്കുന്നതിന് പകരം വകുപ്പിലെ ഫയലുകൾ കൃത്യമായി പരിശോധിച്ച് യാഥാർത്ഥ്യം മനസ്സിലാക്കാൻ മന്ത്രി തയ്യാറാകണമെന്ന് അവർ അഭ്യർത്ഥിച്ചു. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ കോ എക്സിസ്റ്റൻസ് കേരളയും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വന സ്പന്ദനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ചിന്നക്കനാലുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താൽപര്യക്കാരാണ്. 2001-2002 കാലഘട്ടത്തിൽ മതികെട്ടാൻ ചോലയിലെ വൻതോതിലുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഡി.എഫ്.ഒ എന്ന നിലയിൽ താനാണ് നേതൃത്വം നൽകിയത്. ഭൂരഹിത പട്ടികവർഗ വിഭാഗങ്ങൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് ചിന്നക്കനാലിലെ ഭൂമിയെക്കുറിച്ച് ചർച്ചകൾ വന്നിരുന്നെങ്കിലും തന്റെ കത്ത് സി.എഫ്, സി.സി.എഫ് തലങ്ങൾക്കപ്പുറം പോയിരുന്നില്ലെന്നും ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്നും അവർ ഓർമിപ്പിച്ചു.
തുടർന്ന് 2003-ൽ ചിന്നക്കനാലിലെ 301 കോളനിയിൽ 257 ഹെക്ടർ സ്ഥലത്ത് 559 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് അന്നത്തെ മന്ത്രിസഭാ തീരുമാനപ്രകാരമാണ്. അത് ആനകളുടെ സ്വാഭാവിക സഞ്ചാരപാതയാണെന്നും അവിടെ ആൾത്താമസം ഉണ്ടായാൽ രൂക്ഷമായ മനുഷ്യ-മൃഗ സംഘർഷത്തിന് വഴിവെക്കുമെന്നും വനംഉദ്യോഗസ്ഥയെന്ന നിലയിൽ താൻ രേഖാമൂലം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾ അവഗണിച്ച് ചിന്നക്കനാലിലും ഒപ്പം മറയൂരിലെ ചന്ദന റിസർവിലും ആദിവാസികളെ കുടിയിരുത്തുകയായിരുന്നു. മറയൂരിൽ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് ഇതിന് നേതൃത്വം നൽകിയത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളും വെള്ളവും ഇല്ലാത്തതിനാൽ അവിടുത്തെ കുടുംബങ്ങൾ പലരും പിന്നീട് ഒഴിഞ്ഞുപോയി.
തുടർന്ന് ചിന്നക്കനാലിൽ വനംവകുപ്പ് മുന്നറിയിപ്പ് നൽകിയതുപോലെ തന്നെ വലിയതോതിൽ കാട്ടാനശല്യവും മനുഷ്യ-മൃഗ സംഘർഷവും ഉണ്ടായി. ശേഷിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പിന്നീട് പദ്ധതികൾ മുന്നോട്ടുവെച്ചെങ്കിലും റിസോർട്ട്-കച്ചവട മാഫിയകളുടെ താൽപര്യങ്ങൾ കാരണമാണ് ആ പദ്ധതികൾ അട്ടിമറിക്കപ്പെട്ടതെന്നും അവർ ആരോപിച്ചു.
വനംവകുപ്പിന്റെ പക്കൽ ഇതിന്റെ മുഴുവൻ ഫയലുകളും ലഭ്യമാണെന്നിരിക്കെ, നിലവിലെ പ്രതിസന്ധിക്ക് ഉദ്യോഗസ്ഥരെ പഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വനം മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിശദീകരണം.
മുൻപത്തെ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം -മന്ത്രി
തിരുവനന്തപുരം: ചിന്നക്കനാലിലെ 301 കോളനി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിച്ച് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.
301 കോളനി ആനത്താരയിലാണെന്നും അവിടെ ആദിവാസികളെ പുനരധിവസിപ്പിക്കരുതെന്നും മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനത്താരകൾ നിലനിർത്തിക്കൊണ്ട് ആദിവാസികൾക്ക് ഭൂമി നൽകണമെന്നും, പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി 2002 മാർച്ച് 13-ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ സർക്കാരിലേക്ക് അയച്ച വിശദമായ കത്ത് ഫയലിൽ ഉള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി.
വനം വകുപ്പിന്റെ അന്നത്തെ അഭിപ്രായത്തെ മറികടന്നുകൊണ്ടാണ് അന്ന് സർക്കാർ നടപടികളുമായി മുന്നോട്ട് പോയത് എന്നാണ് താൻ മനസ്സിലാക്കിയിരുന്നത്. ഫയലിലുള്ള ഒരു ഔദ്യോഗിക രേഖയിലെ വസ്‌തുത ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, ഇതിൽ ആരും അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിസ്ഥിതി സംരക്ഷണത്തിൽ സർക്കാറിന്റേത് പ്രായോഗിക സമവായ നയം
തിരുവനന്തപുരം: പരിസ്ഥിതി-വന്യജീവി സംരക്ഷണത്തിൽ തീവ്രമായ രണ്ട് ചേരികളിൽ നിന്നുകൊണ്ടുള്ള ശത്രുത ഒഴിവാക്കി, പ്രായോഗികമായ മധ്യമാർഗമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ‘വനസ്പന്ദന’ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെയും പ്രകൃതിയുടെയും സഹവർത്തിത്വമാണ് സർക്കാരിന്റെ അടിസ്ഥാന ലക്ഷ്യം. പരിസ്ഥിതി പ്രവർത്തകർ, കർഷകർ, ആദിവാസികൾ തുടങ്ങിയ എല്ലാ പങ്കാളികളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവർത്തനമാണ് വേണ്ടത്. ഒരു ഭാഗത്ത് കർഷകരുടെ അവകാശങ്ങളും മറുഭാഗത്ത് വനസംരക്ഷണവും കൃത്യമായ അതിർത്തിനിർണയത്തോടെ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ‘കണ്ടെയ്ൻമെന്റ്’ (തടയൽ), ‘മിറ്റിഗേഷൻ’ (ലഘൂകരണം), ‘കൃത്യസമയത്തുള്ള നഷ്ടപരിഹാരം’ എന്നീ ത്രിതല സമീപനമാണ് സർക്കാർ നടപ്പിലാക്കുന്നത്. ആധുനിക സാങ്കേതികവിദ്യകൾ ഇതിനായി പ്രയോജനപ്പെടുത്തും. വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനും, ചില പ്രത്യേക ഘട്ടങ്ങളിൽ ജനസംഖ്യാ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വനങ്ങളിൽ സ്വാഭാവിക വനങ്ങളും പുൽമേടുകളും പുനഃസ്ഥാപിക്കുന്നതിനൊപ്പം അധിനിവേശ സസ്യങ്ങളെ പൂർണമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.
പരിസ്ഥിതി സംരക്ഷണം വരുംതലമുറയിലേക്ക് എത്തിക്കുന്ന തരത്തിൽ വലിയ ബോധവൽക്കരണ പ്രവർത്തനങ്ങളായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി പുകഴേന്തി അധ്യക്ഷത വഹിച്ചു. മുൻ എപി സി സി എഫ് പ്രകൃതി ശ്രീവാസ്തവ, അഭിഭാഷകരായ റിത്വിക് ദത്ത, ഹരീഷ് വാസുദേവൻ, സന്ദേഷ് രാജ തുടങ്ങിയവർ സംസാരിച്ചു. എൻ ബാദുഷ സ്വാഗതം പറഞ്ഞു. രാവിലെ നടന്ന പാനൽ ചർച്ചയിൽ ഡോ.പി എസ് ഈസ വിഷയം അവതരിപ്പിച്ചു. ഡോ. വി സുഭാഷ് ചന്ദ്ര ബോസ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രേർണ സിങ് ബിന്ദ്ര, മീര ചന്ദ്രൻ, മുനീർ തോൽപ്പെട്ടി, ടിഎസ് സന്തോഷ്, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.