സുരേഷ് ബാബുവിനെതിരെ പി​കെ ശ്രീമതി: ‘വിനാശകാലെ വിപരീതബുദ്ധി, സ്ത്രീപീഡകർ എത്ര ഉന്നതരാരായാലും സി.പി.എം നടപടി എടുത്തിട്ടുണ്ട്’

പാലക്കാട്: പദവിയിൽ നിന്ന് പുറത്താക്ക​പ്പെട്ട സി.പി.എം പാലക്കാട് മുൻ ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഫേസ്ബുക് പോസ്റ്റുമായി മുതിർന്ന സി.പി.എം നേതാവ് പി​കെ ശ്രീമതി ടീച്ചർ. പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരാരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സി.പി.എമ്മിനുള്ളൂ എന്ന് അവർ കുറിപ്പിൽ വ്യക്തമാക്കി. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ ‘വിനാശകാലെ വിപരീതബുദ്ധി’ എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ എന്നും അവർ പറയുന്നു.

അതിനിടെ, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് സുരേഷ് ബാബുവിനെതിരെ മുമ്പും സമാന രീതിയിൽ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പെരുമാട്ടി പഞ്ചായത്ത് ലോക്കൽ സെക്രട്ടറിയായിരിക്കെ 2003ൽ ആണ് ആദ്യം നടപടി. അന്ന് സ്ത്രീയോട് മോശമായി പെരുമാറിയതിന് തമിഴ്നാട്ടിലെ ആനമല പൊലീസ് സ്റ്റേഷനിൽ സുരേഷ് ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

പിന്നീട് തിരിച്ചെടുത്തു. 2007ൽ ലോക്കൽ കമ്മിറ്റി ഓഫിസിലെ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചതായി പാർട്ടിക്ക് ലഭിച്ച പരാതിയിലാണ് രണ്ടാമത് നടപടിയെടുത്തത്. പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയ സുരേഷ്ബാബുവിനെ രണ്ടു വർഷത്തിനുശേഷം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. നിലവിൽ നടപടിയെടുത്തത് യുവ അഭിഭാഷകയുടെ പരാതിയിലാണെന്നാണ് വിവരമെങ്കിലും സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

വ്യക്തിപരമായ കാരണങ്ങളാൽ ഒഴിയുകയാണെന്നാണ് സുരേഷ് ബാബുവും ജില്ല നേതൃത്വവും വിശദീകരിച്ചത്. എന്നാൽ, സുരേഷ് ബാബുവിനെ പാര്‍ട്ടി മാറ്റിയത് തന്നെയാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ് ആവർത്തിക്കുന്നു. പ്രത്യേകമായ ഒരു കാര്യം വന്നപ്പോള്‍ യോഗം ചേര്‍ന്ന് മാറ്റിയതാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സുരേഷ് ബാബുവിനെ പാര്‍ട്ടി പരിപാടികളില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ആലോചനയിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും നടപടി സംബന്ധിച്ച് തീരുമാനമുണ്ടാകുക.

സുരേഷ് ബാബുവിനെ മാറ്റിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യം ഉയർത്തിപ്പിടിച്ച് എടുത്ത നടപടിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതി പൊലീസിന് കൈമാറാന്‍ സി.പി.എം തയാറാവണമെന്ന് ബി.ജെ.പി ഈസ്റ്റ് ജില്ല പ്രസിഡന്‍റ് പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു. യുവതിയുടെ പീഡന പരാതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.

Tags:    
News Summary - CPM acts against abusers however high: P.K. Sreemathy on Suresh Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.