രമക്കെതിരായ പരാമർശം തെറ്റെന്ന് സ്പീക്കർ; പിൻവലിച്ച് എം.എം. മണി

തിരുവനന്തപുരം: വടകര എം.എൽ.എ കെ.കെ രമക്കെതിരായ വിധവാ പരാമർശം പിൻവലിച്ച് മുൻ മന്ത്രി എം.എം. മണി. 'വിധി' എന്ന വാക്ക് കമ്യൂണിസ്റ്റായ താൻ പറയാൻ പാടില്ലായിരുന്നുവെന്ന് മണി നിയമസഭയിൽ വ്യക്തമാക്കി. തന്‍റെ പരാമർശം ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ലെന്നും എം.എം. മണി വിശദീകരിച്ചു.

Full View

നിയമസഭ സമ്മേളനത്തിനിടെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതോടെയാണ് കെ.കെ രമയെ മുൻ മ​ന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി അധിക്ഷേപിച്ചത്. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികളല്ല' എന്നായിരുന്നു പരാമർശം.മണിയുടെ പരാമർശത്തിൽ തെറ്റായ ആശയം അന്തർലീനമായിട്ടുണ്ടെന്ന് സ്പീക്കർ എം.ബി രാജേഷ് റൂളിങ് നൽകി. അത് പുരോഗനപരമായ മൂല്യബോധവുമായി ചേർന്ന് പോകുന്നതല്ല. അനുചിതമായ പ്രയോഗം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി. സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്ത ചില വാക്കുകളുണ്ട്. അത്തരം പരാമർശങ്ങൾ അനുചിതവും അസ്വീകാര്യവുമാകാം. മുമ്പ് സാധാരണയായി ഉപയോഗിച്ചിരുന്ന പല വാക്കുകളും പ്രയോഗങ്ങളും ഇന്നത്തെ കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തതായി കണക്കാക്കുന്നുണ്ട്.

Full View

വാക്കുകളുടെ വേരും അർഥവും അതിന്‍റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് എല്ലാ സമൂഹിക സാഹചര്യങ്ങളിലും ഒരേ അർഥമാകണമെന്നില്ല. വാക്കുകൾ അതത് കാലത്തിന്‍റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡൽ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്‍റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. 

എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതികരിച്ച കെ.കെ. രമ തന്നെ വിധവയാക്കിയത് സി.പി.എമ്മാണെന്നും ചന്ദ്രശേഖരനെ കൊന്നിട്ടും അവർക്ക് മതിയായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പറഞ്ഞത്‌ കൊണ്ടാണ് മണി മാപ്പ് പറയാത്തത്. ചന്ദ്രശേഖരനെ കൊന്നത് സി.പി.എമ്മാണ്, സി.പി.എം അദ്ദേഹത്തെ കൊന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണിപ്പോൾ. കുലം കുത്തിയെന്ന് വിളിച്ച മനോഭാവം ഇപ്പോഴും തുടരുന്നു.

Full View

ഞങ്ങളുടെ പാർട്ടിയുടെ വളർച്ച, ഞങ്ങൾ സർക്കാരിനെതിരെ സംസാരിച്ചു കൊണ്ടിരിക്കുന്നു, വിമർശിച്ചു കൊണ്ടിരിക്കുന്നു, ഇതൊക്കെ തീർച്ചയായിട്ടും അവരെ അസ്വസ്ഥമാക്കുന്നുണ്ട്, അതുകൊണ്ടാണ് ഇത്തരത്തിലുള്ള മനുഷ്യത്വമില്ലാത്ത പരാമർശങ്ങൾ ഉണ്ടാകുന്നത്. മഹതി എന്നാണ് ബഹുമാനപ്പെട്ട എം.എം മണി എന്നെ വിളിച്ചത്, മുഖ്യമന്ത്രിയോ സ്പീക്കറോ തിരുത്തൽ നടപടി കൈക്കൊണ്ടില്ലെന്നും കെ.കെ രമ കുറ്റപ്പെടുത്തി.

എം.എം മണിയുടെ പരാമർശത്തിനെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മര്യാദ​കേടും തോന്ന്യവാസവും സഭയിൽ അനുവദിക്കില്ല. സഹോദരിക്ക് നേരെ മണി ക്രൂരമായാണ് സംസാരിച്ചത്. മാപ്പ് പറയാതെ സഭ സമ്മേളിക്കാൻ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - M.M. Mani withdrew the remark against KK Rama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.