വിയോജിപ്പുകൾക്കെതിരെ ഫാഷിസ്റ്റ് അസഹിഷ്ണുതയാണ് സി.പി.എമ്മിന്​​; കവി റഫീഖ്​ അഹമ്മദിനൊപ്പമെന്ന്​ എം.കെ മുനീർ

കെ റെയിലിനെതിരെ കവിത എഴുതിയതിന്‍റെ പേരിൽ കവി റഫീഖ്​ അഹമ്മദിനെതിരെ ഇടതുപക്ഷ ഹാൻഡിലുകൾ നടത്തുന്ന തെറിയഭിഷേകം എല്ലാ സീമകളും ലംഘിക്കുന്ന തരത്തിലാണെന്ന്​ എം.കെ മുനീർ എം.എൽ.എ. വർഗ്ഗീയ പരാമർശങ്ങൾ ഉൾപ്പെടുത്തിയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ വരെ അദ്ദേഹത്തിനെതിരെ നിർദയം നടക്കുകയാണെന്നും മുനീർ ചൂണ്ടികാണിച്ചു.

വിയോജിപ്പിന്‍റെ ശബ്​ദങ്ങൾക്കെതിരെ നഗ്നമായ ഫാഷിസ്റ്റ് അസഹിഷ്ണുതയാണ് സി.പി.എം അവരുടെ സൈബറിടങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നതെന്നും മുനീർ ഫേസ്​ബുക്കിൽ കുറിച്ചു. ആവിഷ്കാര സ്വാതന്ത്ര്യമെല്ലാം പാർട്ടിയുടെ അധികാര താല്പര്യങ്ങളെ ബാധിക്കുന്നത് വരെ എന്നതാണ് സിപിഎമ്മിന്‍റെ രീതി.കേന്ദ്രം ഭരിക്കുന്നവർക്കും കേരളം ഭരിക്കുന്നവർക്കും ഇക്കാര്യത്തിൽ ഒരൊറ്റ നയമാണ്.സംഘപരിവാറുകാർ പ്രതിഷേധിക്കുന്നവരെ ഐഡന്‍റിറ്റി നോക്കി പാകിസ്താനിലേക്ക് റിക്രൂട്ട് ചെയ്യുമ്പോൾ സിപിഎമ്മിന്‍റെ സൈബർ കൂട്ടങ്ങൾ അത് അഫ്ഗാനിലേക്കും സിറിയയിലേക്കും ആക്കുന്നു എന്ന വ്യത്യാസം മാത്രമാണുള്ളതെന്നും മുനീർ ആരോപിച്ചു.

എഴുത്തുകാർ യുഗദുഃഖങ്ങൾ സ്വയം വരിക്കുന്നു എന്നാണ് ഇടതുപക്ഷ സാഹിത്യങ്ങളിലൊക്കെ പറയാറുള്ളത്.എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ എഴുത്തുകാർക്ക് അധികാര താല്പര്യങ്ങളുടെ സ്തുതി ഗീതം മാത്രമാണ് പാർട്ടിയിൽ അനുവദനീയമായിട്ടുള്ളത്. ബാക്കിയൊക്കെ കേവല ഗ്രന്ഥശാല ഇമേജിനറി മാത്രമാണിപ്പോൾ. റഫീഖ് അഹമ്മദിന് നേരെയുള്ള ആക്രമണത്തിലും ഒരിക്കലും ഉണരാത്ത മുനികുമാരന്മാരുടെ വേഷം പലരും എടുത്തണിയുന്നത് അതുകൊണ്ടാവാമെന്നും മുനീർ കുറിച്ചു.

'തെറിയിൽ തടുക്കാൻ കഴിയില്ല ,തറയുന്ന മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരെ'എന്ന റഫീഖ് അഹമ്മദിന്‍റെ വരികൾ തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ വധിക്കാൻ നടക്കുന്ന എല്ലാ അഭിനവ പോൾ പോട്ടുമാർക്കും ഉള്ള മികച്ച മറുപടിയെന്നും റഫീഖ് അഹമ്മദിനൊപ്പമാണെന്നും അദ്ദേഹം ഫേസ്​ബുക്കിൽ എഴുതി. 

Tags:    
News Summary - MK Muneer with poet Rafeeq Ahmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.