ഹരിതക്ക് വിഷമമുണ്ടാകുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് എം.കെ മുനീർ

കോഴിക്കോട്: എം.എസ്.എഫ് നേതാക്കൾക്കെതിരെ ഹരിത അംഗങ്ങൾ വനിത കമീഷന് പരാതി നൽകിയ സംഭവത്തിൽ സമവായം ഉണ്ടായെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. പാർട്ടിക്ക് വിഷമമമില്ലാത്ത രീതിയിൽ, ഹരിത അംഗങ്ങളുടെ ആഗ്രഹത്തിന് അനുസൃതമായി കാര്യങ്ങൾ പരിഹരിക്കും. ഹരിതക്ക് വിഷമമുണ്ടാകുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്നും എം.കെ മുനീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം വളരെയധികം ചർച്ച ചെയ്ത് സമയമെടുത്താണ് തീരുമാനം കൈക്കൊണ്ടത്. ഔദ്യോഗിക തീരുമാനം പാർട്ടിയുടെ ജനറൽ സെക്രട്ടറി മാധ്യമങ്ങളെ അറിയിക്കും. ഹരിത എന്ന് പറയുന്നത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടി ഘടകമാണ്. അവർക്ക് വിഷമം ഉണ്ടാകുന്ന രീതിയിൽ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഹരിത' നേതാക്കളെ എം.എസ്.എഫ്​ ഭാരവാഹികൾ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്​ലിം ലീഗ്​ ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മലപ്പുറം ലീഗ്​ ഹൗസിൽ നടന്ന ചർച്ച ബുധനാഴ്ച രാത്രി 12 മണിക്കാണ്​ അവസാനിച്ചത്​. വിവാദവുമായി ബന്ധപ്പെട്ട്​ മൂന്ന്​ എം.എസ്​.എഫ്​ നേതാക്കളെ സസ്​പെൻഡ്​ ചെയ്യാനും ഹരിത നേതാക്കൾ വനിത കമ്മീഷന്​ നൽകിയ പരാതിയും പിൻവലിക്കാനും ധാരണയായതായാണ് സൂചന. എം.എസ്​.എഫ്​ സംസ്ഥാന പ്രസിഡന്‍റ്​ പി.കെ നവാസിനെ രണ്ട്​ ആഴ്ചത്തേക്ക്​ സസ്​പെൻഡ്​ ചെയ്യാൻ ധാരണയായിട്ടുണ്ട്. കബിർ മുതുപറമ്പ്​, വി.എ.അബ്​ദുൽ വഹാബ്​ എന്നീ നേതാക്കൾക്കെതിരെയും നടപടിയുണ്ടാകും.

മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി, എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡൻറ്​ സാദിഖലി ശിഹാബ്​ തങ്ങൾ എന്നിവരാണ്​ സംസാരിച്ചത്​.

'ഹരിത' സംസ്ഥാന ഭാരവാഹികൾക്കെതിരെ എം.എസ്​.എഫ്​ സംസ്ഥാന പ്രസിഡൻറ്​ പി.കെ. നവാസ്​, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്​ എന്നിവർ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്​ടിച്ചിരുന്നു. 'ഹരിത' ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയതോടെയാണ്​ വിവരം പുറത്തായത്​. കഴിഞ്ഞ ആഴ്​ച 'ഹരിത' സംസ്ഥാന കമ്മിറ്റിയെ മുസ്​ലിം ലീഗ്​ നേതൃത്വം മരവിപ്പിച്ചിരുന്നു. പി.കെ. നവാസ്​, എം.എസ്​.എഫ്​ ജില്ല പ്രസിഡൻറ്​ കബീർ മുതുപറമ്പ്​, വി.എ. വഹാബ്​ എന്നിവരോട്​ വിശദീകരണവും തേടി.

ജൂൺ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട്​ സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണെന്ന് വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണ് എന്നാണ്​ ഹരിതയുടെ പരാതി.

എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവർ ആരോപിച്ചു. ജില്ല കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡൻറ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു

Tags:    
News Summary - MK Muneer said that there will be no decision that will upset Haritha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.