സുധാകരന്‍റെ പ്രസ്താവന; ലീഗിന്‍റെ അതൃപ്തി യു.ഡി.എഫിൽ അറിയിച്ചുവെന്ന് മുനീർ

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ ആർ.എസ്.എസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ മുസ്ലിം ലീഗിനുള്ള അതൃപ്തി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചെന്ന് ഡോ. എം.കെ. മുനീർ. ആലോചിച്ച് മറുപടി പറയാമെന്നാണ് നേതൃത്വം പ്രതികരിച്ചത്. നാളെ പാണക്കാട് ചേരുന്ന ലീഗ് യോഗം വിഷയം വിശദമായി ചർച്ച ചെയ്യും.

സുധാകരന്‍റെ പ്രസ്താവനയുടെ പേരിൽ കോൺഗ്രസിനെ മൊത്തത്തിൽ ലീഗ് ചെറുതായി കാണുന്നില്ല. കോൺഗ്രസിന്‍റെ പ്രസക്തി ദേശീയതലത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി മുസ്ലിം ലീഗിന് കോൺഗ്രസ് ഭാഗമായ മുന്നണി വിടേണ്ട സാഹചര്യമൊന്നും ഉണ്ടാവുന്നില്ല. ലീഗ് മുന്നണി വിടുമെന്നത് സി.പി.എമ്മിന്‍റെ നടക്കാത്ത സ്വപ്നമാണ് -മുനീർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ആർ.എസ്.എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. ഇത് ലീഗിനെ വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നായിരുന്നു സുധാകരന്‍റെ ആദ്യ പ്രസ്താവന. ഇതുണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്പാണ് ഇന്നലെ വീണ്ടും വിവാദം കത്തിക്കയറിയത്. വർഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിന്റേതെന്നായിരുന്നു പ്രസ്താവന. ഇത് വിവാദമായതോടെ തനിക്ക് വാക്കുപിഴ സംഭവിച്ചതാണെന്ന് ചൂണ്ടിക്കാട്ടി സുധാകരൻ വിശദീകരിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.