ഔദ്യോഗിക വസതിക്ക് പുറകിൽ വളരുന്ന മിയാവാക്കി വനത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ

മൂന്നര സെന്റിൽ കാടൊരുക്കി മന്ത്രി ഗോവിന്ദൻ; ആരൊക്കെ ഏറ്റെടുക്കുമെന്ന് ചലഞ്ച്

തിരുവനന്തപുരം: തദ്ദേശഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ ഫേസ്ബുക്കിലൂടെ നടത്തിയ ചലഞ്ച് കണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ അന്തംവിട്ടിരിപ്പാണ്. ഔദ്യോഗിക വസതിയിൽ മിയാവാക്കി മാതൃകയില്‍ വനമൊരുക്കിയ അദ്ദേഹം ഈ ചലഞ്ച് ഏറ്റെടുക്കാൻ ആരൊക്കെ മുന്നോട്ടുവരുമെന്നാണ് ചോദിക്കുന്നത്.

ജനകീയാസൂത്രണത്തി‍െൻറ രജത ജൂബിലി വേളയില്‍ വകുപ്പ് ഇറക്കിയ ഉത്തരവില്‍ എല്ലാ തദ്ദേശ സ്ഥാപന പ്രദേശത്തും മിയാവാക്കി മാതൃകയില്‍ ജനവനം പച്ചത്തുരുത്തുകള്‍ നിര്‍മിക്കണമെന്ന് പറഞ്ഞിരുന്നു. ചില തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയെങ്കിലും മിക്കവാറും പേര്‍ അതിന് മിനക്കെട്ടില്ല.

ജനവനം പച്ചത്തുരുത്തുണ്ടാക്കാന്‍ പത്രക്കുറിപ്പിറക്കിയ മന്ത്രി വെറുതെയിരുന്നില്ല. ത‍​െൻറ ഔദ്യോഗിക വസതിയായ നെസ്റ്റി‍െൻറ പിറകില്‍ വെറുതെ കിടക്കുന്ന മൂന്നര സെന്‍റ് സ്ഥലത്ത് വനം നിര്‍മിക്കാന്‍ തുടങ്ങി.

വനത്തിൽ വളരുന്ന വൃക്ഷത്തിനിടയില്‍ നിന്നുകൊണ്ടാണ് മന്ത്രി ചലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്. തിരക്കിനിടയിലും ഔദ്യോഗിക വസതിയുടെ പുരയിടത്തില്‍ മന്ത്രിക്ക് വനമുണ്ടാക്കാമെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടൊന്നുമില്ലെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. പ്രാദേശിക സര്‍ക്കാറുകള്‍ വിചാരിക്കാത്തത് കൊണ്ടാണ് ജനവനം പച്ചത്തുരുത്തുകള്‍ ഉണ്ടാക്കാനാവാത്തതെന്നും മന്ത്രി പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ നിര്‍മിത ഹരിതവനങ്ങള്‍ രൂപപ്പെടുത്തിയ പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ പ്രഫ. അകിരാ മിയാവാകി നടത്തിയ പാരിസ്ഥിതിക ഇടപെടലി‍െൻറ മാതൃകകള്‍ കേരളത്തിലും സൃഷ്ടിക്കാനാണ് തീരുമാനം.

മന്ത്രി ചലഞ്ച് തുടരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി അതത് പ്രദേശങ്ങളില്‍ ജനവനമുണ്ടാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നീങ്ങുകയാണ്.

Tags:    
News Summary - Miyawaki forest challenge by Minister MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.