Representational Image
കാളികാവ്: ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജി കടുവയെ പിടികൂടാനുള്ള നടപടിയുമായി വനം വകുപ്പ്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 25 അംഗ ആർ.ആർ.ടി ടീമാണ് ദൗത്യത്തിലുള്ളത്. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് ചെയ്യുന്ന ആർ.ആർ.ടി ടീം മൂന്ന് സംഘമായി തിരിഞ്ഞ് തിരച്ചിൽ നടത്തും.
കടുവ ആക്രമണമുണ്ടായ പ്രദേശത്ത് 50ലധികം കാമറകൾ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. ഇന്ന് ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തും. സി.സി.എഫ് ഒ. ഉമ, സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ തുടങ്ങിയ ഉന്നത വനം, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കടുവയെ പിടികൂടാൻ കുങ്കിയാനയെ വയനാട്ടിൽ നിന്ന് പാറശ്ശേരി ജി.എൽ.പി സ്കൂളിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് ഒരു കുങ്കിയാനയെ കൂടി എത്തിക്കും. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞാൽ കുങ്കിയാനയെ ഉപയോഗിച്ച് ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കുക ദുഷ്കരമാണെന്ന് ഈ വനമേഖല പരിചയമുള്ള വിദഗ്ധർ പറയുന്നു. നിലമ്പൂർ, സൈലന്റ്വാലി കാടുകളോട് ചേർന്നു കിടക്കുന്ന ചെങ്കുത്തായ വനപ്രദേശമാണിത്. കണ്ണത്ത്, പുല്ലങ്കോട് മലവാരങ്ങളുടെ തുടർച്ചയായി സൈലന്‍റ് വാലി ബഫർ സോണിന് ചേർന്നാണ് ഈ വനമേഖല.
ഇടതൂർന്ന് അടിക്കാടുകൾ വളർന്നു നിൽക്കുന്നതിനാലും കിഴുക്കാംതൂക്കായ മലഞ്ചരിവുകൾ ഉള്ളതിനാലും കടുവയെ പിന്തുടർന്ന് കണ്ടെത്തുക എളുപ്പമാവില്ല. ഇത്തരം സാഹചര്യങ്ങളിൽ മയക്കുവെടി വെക്കുന്നതും അപകടകരമായിരിക്കും. വെടിയേറ്റാലും മയങ്ങിവീഴാൻ സമയമെടുക്കും. ഈ സമയം കടുവ ആക്രമണകാരിയാകാനും സാധ്യതയുണ്ട്.
കുങ്കിയാനകളെ വെച്ച് കടുവയെ ട്രാക് ചെയ്യുന്നത് കൂടുതൽ സുരക്ഷിതമാണെങ്കിലും ചെങ്കുത്തായ സ്ഥലങ്ങളിൽ മയക്കുവെടിവെക്കുക പ്രയാസമാകും. വെടിവെക്കുന്നതിനു മുമ്പ് സംഘത്തിലെ ഡോക്ടർമാർ തിരിച്ചറിയുകയും ആരോഗ്യസ്ഥിതി മനസ്സിലാക്കുകയും വേണം. കാട്ടിനുള്ളിൽ ആൾപെരുമാറ്റമുണ്ടായാൽ കടുവ ഉൾവനത്തിലേക്ക് മാറാനുള്ള സാധ്യതയേറെയാണ്.
വനാതിർത്തിയിൽ കൂട് സ്ഥാപിച്ച് പിടിക്കാൻ ശ്രമിക്കുന്നതിനാണ് കൂടുതൽ വിജയസാധ്യതയെന്ന് വിദഗ്ധർ പറയുന്നു. വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യമെങ്കിലും ഇതംഗീകരിക്കപ്പെട്ടില്ല. ജീവനോടെ പിടിക്കുന്നതിലാണ് സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) പ്രകാരം ചേർന്ന സമിതി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.