തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുൾ ബെഞ്ച് തള്ളിയതിനെതിരെ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹരജി ഫയൽ ചെയ്തുവെന്ന് പരാതിക്കാരനായ ആർ.എസ് ശശികുമാർ അറിയിച്ചു. മുഖ്യമന്ത്രി ഉൾപ്പടെ പതിനേഴു മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയ ഹരജിയിൽ ലോകായുക്ത രജിസ്ട്രാറെയും എതിർ കക്ഷിയാക്കിയാണ് റിട്ട് ഹരജി ഫയൽ ചെയ്തത്.
ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിക്ക് സാധുതയുള്ളതായും, നിധിയിൽ നിന്നും തുക അനുവദിക്കുന്നതിൽ മന്ത്രിസഭ ഗുരുതരമായ കൃത്യവിലോപം നടത്തിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചതിൽ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാൽ ഹരജി നിലനിൽക്കില്ലെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക്ജോസഫ് വിധിന്യായതിൽ വ്യക്തമാക്കിയിരുന്നു. എങ്കിലും, ഹരജിക്ക് സാധുത തന്നെ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫുൾ ബെഞ്ചിലെ മറ്റ് രണ്ട് ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ-ഉൽ റഷീദും, ജസ്റ്റിസ് ബാബു മാത്യു ജോസഫും ഹരജി തള്ളിയത്.
പരാതി ആദ്യം പരിഗണിച്ച മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്ന് അംഗ ഫുൾ ബെഞ്ച് സാധുതയുള്ളതായി കണ്ടെത്തിയ ഹരജി വീണ്ടും മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനക്കു വിട്ട് പരാതിക്ക് സാധുതയില്ലെന്ന് കണ്ടെത്തിയത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും, ഉപലോകയുക്തമാരായ രണ്ടുപേരും ഹരജിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പരേതനായ എം.എൽ.എയുടെ ജീവചരിത്രപുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് പങ്കെടുത്തതും, ഓർമ്മക്കുറിപ്പുകൾ എഴുതിയതും നീതിന്യായപീഠത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്നുംഈ സാഹചര്യത്തിൽ ലോകായുക്ത വിധി റദ്ദാക്കി പുനർ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹരജി ഫയൽ ചെയ്തത്.
ദുരിതാശ്വാസനിധിയിൽ ദുർവിനിയോഗം നടന്നതായി കണ്ടെത്തിയ ലോകാ യുക്ത തന്നെ മന്ത്രിസഭാ നടപടിയിൽ സ്വജന പക്ഷപാതം നടന്നിട്ടില്ലെന്ന് പറയുന്നതിൽ നീതീകരണമില്ലെന്നും, ഉപലോകയുക്തമാരെ പറ്റി വ്യക്തിപരമായ പരാമർശമുള്ളതിനാൽ വിചാരണ വേളയിൽ ആവശ്യമെങ്കിൽ രണ്ട് ഉപലോകയുക്തമാരെയും എതിർകക്ഷികളാ ക്കുവാൻ അനുവാദം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജിക്കാരൻ, സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഫയൽ ചെയ്ത റിട്ട് ഹരജിയിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നതെന്നും ശശികുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.