തിരുവനന്തപുരം: മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാനുള്ള ഉഭയകക്ഷി ചർച്ച കന്‍റോൺമെന്‍റ് ഹൗസിൽ തുടങ്ങി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശുമാണ് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തുന്നത്.
തിങ്കളാഴ്ച പൂർണ മന്ത്രിസഭതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന തീരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രിയോടെ തന്നെ മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. ഞായറാഴ്ച ഉച്ചയോടെ പട്ടിക ഗവർണർക്ക് കൈമാറും. ഒരു എം.എൽ.എമാർ മാത്രമുള്ള കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകിയേക്കും.
മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നൽകാൻ തീരുമാനമായതായാണ് പുറത്തുവരുന്ന വിവരം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സംസ്ഥാനത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാ ദാസ്മുൻഷിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
സീനിയർ നേതാവ് എന്ന നിലയിൽ ചെന്നിത്തലയെ പൂർണമായി അവഗണിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വകുപ്പ് വേണമെന്ന കടുംപിടുത്തത്തിൽ നിന്ന് വി.ഡി. സതീശനും പിന്മാറിയെന്നാണ് വിവരം. ഘടകകക്ഷി നേതാക്കളെല്ലാം തലസ്ഥാനത്തെത്തിയിട്ടുണ്ട്. കോൺഗ്രസിന് 11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാണ് ലഭിക്കുക. സാമുദായിക പരിഗണനയും സീനിയോറിറ്റിയും ജില്ല പ്രാതിനിധ്യവുമടക്കം പരിഗണിച്ചാകും കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുക. കെ. മുരളീധരൻ, എൻ. ശക്തൻ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, എം. ലിജു, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, ടി. സിദ്ദീഖ്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, എം. വിൻസെന്‍റ്, എ.പി. അനിൽകുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, വി.ടി. ബൽറാം എന്നിങ്ങനെ കോൺഗ്രസിലെ സാധ്യത പട്ടിക നീളുകയാണ്.
ഇത്തവണയും അഞ്ച് മന്ത്രിമാരെ ലഭിക്കുമെന്നാണ് മുസ്ലിം ലീഗിന്‍റെ ഉറച്ച പ്രതീക്ഷ. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ശേഷിക്കുന്ന ഒന്നിൽ പാറക്കൽ അബ്ദുല്ലയോ എം.കെ.എം.അഷ്റഫോ ആകുമെന്നാണ് സൂചന. കേരള കോൺഗ്രസിൽനിന്ന് ജോസഫ് വിഭാഗം രണ്ടു മന്ത്രിമാർ വേണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം, ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കുള്ള ഒരു പദവിയും നൽകിയേക്കുമെന്നാണ് വിവരം. മന്ത്രിപദവിയിലേക്ക് മോൻസ് ജോസഫിനാണ് ഒന്നാം പരിഗണന. ഏഴുപേരാണ് ജോസഫ് വിഭാഗത്തിന് നിയമസഭയിലുള്ളത്.
മൂന്ന് അംഗങ്ങളുള്ള ആർ.എസ്.പിയിൽനിന്ന് ഷിബു ബേബി ജോൺ മന്ത്രിസഭയിലെത്തും. കേരള കോൺഗ്രസ് -ജേക്കബ് വിഭാഗത്തിൽ അനൂപ് ജേക്കപ്, സി.എം.പിയിൽനിന്ന് സി.പി. ജോൺ, കെ.ഡി.പിയിൽനിന്ന് മാണി സി. കാപ്പൻ എന്നിവർ മന്ത്രിമാരാകും. യു.ഡി.എഫിലെ അസോസിയേറ്റ് അംഗമായ കെ.കെ. രമ മന്ത്രി സ്ഥാനത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ആർ.എം.പിക്ക് താൽപര്യമുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ നിലപാടിലേക്കെത്തിയിട്ടില്ല. യു.ഡി.എഫ് സ്വതന്ത്രരായി ജയിച്ച മൂന്ന് പേർ മുന്നണിയിലുണ്ടെങ്കിലും മന്ത്രിസഭയിലുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.