മന്ത്രിമാരും വകുപ്പുകളും നാളെ അറിയാം; ഘടകകക്ഷി നേതാക്കളുമായി വീണ്ടും ചർച്ച നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭ ചർച്ചകൾ സജീവമാക്കി യു.ഡി.എഫ്. വെള്ളിയാഴ്ച ഉച്ചക്ക് മുന്നണി യോഗം ചേർന്നെങ്കിലും കാര്യമായ ചർച്ചകളുണ്ടായില്ല. ശനിയാഴ്ച വീണ്ടും ഉഭയകക്ഷി ചർച്ചകൾ നടക്കും. രാവിലെ 10നാണ് യോഗം.

ഓരോ കക്ഷിക്കും എത്ര മന്ത്രിമാർ എന്നതിലടക്കം അന്തിമ തീരുമാനത്തിലെത്തും. ഘടകകക്ഷി നേതാക്കളെല്ലാം തലസ്ഥാനത്തെത്തി. തിങ്കളാഴ്ച പൂർണ മന്ത്രിസഭതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന തീരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ തിരക്കിട്ടാണ് നീക്കങ്ങൾ. പ്രാഥമിക വിലയിരുത്തലുകളും സത്യപ്രതിജ്ഞസംബന്ധിച്ച കാര്യങ്ങളുമാണ് പരിഗണിച്ചത്. യു.ഡി.എഫ് യോഗം പ്രാഥമികമായാണ് ചേർന്നതെന്നും ശനിയാഴ്ച ഉഭയകക്ഷി ചർച്ചകൾ നടത്തി മന്ത്രിസഭയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.

യു.ഡി.എഫ് യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങൾ നടക്കുകയാണ്. മുഴുവൻ മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജഞ ചെയ്യും. മന്ത്രിമാരെയും വകുപ്പുകളും ശനിയാഴ്ച വ്യക്തമാകുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. കോൺഗ്രസിന് 11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാണ് ലഭിക്കുക. സാമുദായിക പരിഗണനയും സീനിയോറിറ്റിയും ജില്ല പ്രാതിനിധ്യവുമടക്കം പരിഗണിച്ചാകും കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുക.

കെ. മുരളീധരൻ, എൻ. ശക്തൻ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, എം. ലിജു, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, ടി. സിദ്ദീഖ്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, എം. വിൻസെന്‍റ്, എ.പി. അനിൽകുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, വി.ടി. ബൽറാം എന്നിങ്ങനെ കോൺഗ്രസിലെ സാധ്യത പട്ടിക നീളുകയാണ്.

ഇത്തവണയും അഞ്ച് മന്ത്രിമാരെ ലഭിക്കുമെന്നാണ് മുസ്ലിം ലീഗിന്‍റെ ഉറച്ച പ്രതീക്ഷ. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ശേഷിക്കുന്ന ഒന്നിൽ പാറക്കൽ അബ്ദുല്ലയോ എം.കെ.എം.അഷ്റഫോ ആകുമെന്നാണ് സൂചന. കേരള കോൺഗ്രസിൽനിന്ന് ജോസഫ് വിഭാഗം രണ്ടു മന്ത്രിമാർ വേണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം, ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കുള്ള ഒരു പദവിയും നൽകിയേക്കുമെന്നാണ് വിവരം. മന്ത്രിപദവിയിലേക്ക് മോൻസ് ജോസഫിനാണ് ഒന്നാം പരിഗണന. ഏഴുപേരാണ് ജോസഫ് വിഭാഗത്തിന് നിയമസഭയിലുള്ളത്.

മൂന്ന് അംഗങ്ങളുള്ള ആർ.എസ്.പിയിൽനിന്ന് ഷിബു ബേബി ജോൺ മന്ത്രിസഭയിലെത്തും. കേരള കോൺഗ്രസ് -ജേക്കബ് വിഭാഗത്തിൽ അനൂപ് ജേക്കപ്, സി.എം.പിയിൽനിന്ന് സി.പി. ജോൺ, കെ.ഡി.പിയിൽനിന്ന് മാണി സി. കാപ്പൻ എന്നിവർ മന്ത്രിമാരാകും. യു.ഡി.എഫിലെ അസോസിയേറ്റ് അംഗമായ കെ.കെ. രമ മന്ത്രി സ്ഥാനത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ആർ.എം.പിക്ക് താൽപര്യമുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ നിലപാടിലേക്കെത്തിയിട്ടില്ല. യു.ഡി.എഫ് സ്വതന്ത്രരായി ജയിച്ച മൂന്ന് പേർ മുന്നണിയിലുണ്ടെങ്കിലും മന്ത്രിസഭയിലുണ്ടാവില്ല.

Tags:    
News Summary - Ministers and departments to be announced tomorrow; Cabinet discussions in UDF active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.