തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന് വിവാഹ വാർഷികാശംസകൾ നേർന്ന് മന്ത്രി വി. ശിവൻകുട്ടി. വി.എസിന്റെയും വസുമതിയുടെയും 58ാം വിവാഹ വാർഷികമാണിന്ന്.
1967ലാണ് ആലപ്പുഴ മുല്ലക്കൽ നരസിംഹപുരം കല്യാണ മണ്ഡപത്തിൽ വെച്ച് വി.എസും കെ. വസുമതിയും വിവാഹിതരായത്. അച്ഛനും അമ്മക്കും ആശംസകളുമായി വി.എസ്. അരുൺകുമാറും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ വലിയ നേതാവായി വളർന്ന വി.എസിന് ആദ്യകാലത്ത് വിവാഹത്തോട് താൽപര്യമില്ലായിരുന്നു. ഒടുവിൽ എൻ. സുഗതന്റെ ഉപദേശം സ്വീകരിച്ചാണ് അദ്ദേഹം 43ാം വയസിൽ വിവാഹം കഴിച്ചത്. വസുമതിക്ക് അപ്പോൾ 29 വയസായിരുന്നു പ്രായം. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് ഹെഡ്നഴ്സായാണ് വസുമതി വിരമിച്ചത്.
58ാം വിവാഹ വാർഷികദിനത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് വി.എസ്. ഹൃദയാഘാതത്തെ തുടർന്ന് ഇപ്പോൾ തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലാണ് വി.എസ്. ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്.
ഓരോ ദിവസവും വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം വി.എസിന്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഡയാലിസിസ് അടക്കമുള്ള ചികിത്സകൾ തുടരാനാണ് ഡോക്ടർമാരുടെ നിർദേശം.
ജൂൺ23നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 101വയസുള്ള വി.എസ് ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളെ വി.എസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.