വി. ശിവൻകുട്ടി
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കത്തയച്ചത് എല്‍.ഡി.എഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ലെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ല. നയങ്ങളിൽനിന്ന് പിന്നോട്ടുപോയത് ആരെന്ന് പോസ്റ്റ്മോർട്ട് ചെയ്യുന്നില്ല. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തിൽനിന്നും സി.പി.എം പഠിക്കേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു. ‘45 മിനിറ്റ് നേരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി. കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുകയാണ് ലക്ഷ്യം. പി.എം ശ്രീ പദ്ധതിയിലെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രിയുമായി സംസാരിക്കുകയും ഇന്നലെ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസ് അജണ്ട കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പ്രശ്‌നമേയില്ല. ആരൊക്കെയാണ് സമരം ചെയ്തത് ഇടപെട്ടത് ത്യാഗം സഹിച്ചതെന്നും അളക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. ജനം തീരുമാനിക്കട്ടെ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്’ -വി. ശിവന്‍കുട്ടി പറഞ്ഞു.
എസ്.എസ്.കെ ഫണ്ടിനെയും മറ്റു ഫണ്ടിനെയും കുറിച്ചാണ് മോദിയുമായി സംസാരിച്ചത്. കത്ത് കൊടുത്ത സ്ഥിതിക്ക് ഇനി ബാക്കി ഫണ്ട് കിട്ടുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ട്. എസ്.എസ്.കെ ഫണ്ടായ 1157 കോടി കിട്ടിയില്ലെങ്കില്‍ ഉത്തരവാദിത്തം തനിക്കില്ല. ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം. ആർ.എസ്.എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് മാത്രമെ ഉത്തരവാദിത്തം ഉള്ളൂവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും മന്ത്രി വിമർശിച്ചു.
‘പി.എം ശ്രീ’ നടപ്പാക്കുന്നത് താൽക്കാലികമായി മരവിപ്പിക്കുന്നതായി അറിയിച്ച് കേന്ദ്രത്തിന് കത്ത് നൽകാൻ ഒക്ടോബർ 29ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചെങ്കിലും നടപ്പാക്കാൻ വൈകുന്നത് സി.പി.ഐയുടെ അതൃപ്തിക്ക് വഴിവെച്ചിരുന്നു. ബുധനാഴ്ച മന്ത്രിസഭ യോഗം ചേരുന്നതിന് മുമ്പായി സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കത്തയക്കുന്നത് വൈകുന്നതിലുള്ള ആശങ്ക അറിയിച്ചു. കത്ത് തയാറായിട്ടുണ്ടെന്നും ഉടൻ കൈമാറുമെന്നും മുഖ്യമന്ത്രി ഇവരെ അറിയിച്ചു. പിന്നാലെയാണ് കരാറിൽ സംസ്ഥാന സർക്കാറിന് വേണ്ടി ഒപ്പിട്ട പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഇതുസംബന്ധിച്ച കത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസവും സാക്ഷരതയും വകുപ്പ് സെക്രട്ടറിക്ക് അയച്ചത്.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും റിപ്പോർട്ടിൽ തീരുമാനമെടുക്കുന്നത് വരേക്കും തുടർനടപടികൾ താൽക്കാലികമായി മരവിപ്പിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തേക്കുള്ള സാവകാശമാണ് സർക്കാർ തേടിയതെന്നാണ് വിവരം. തടഞ്ഞുവെച്ച സമഗ്രശിക്ഷാ പദ്ധതിയിലെ ഫണ്ട് കുടിശിക വിട്ടുനൽകുന്നത് വേഗത്തിലാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എൽ.ഡി.എഫും മന്ത്രിസഭയും അറിയാതെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടത് മുന്നണിക്കകത്തും സർക്കാറിലും വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
സി.പി.ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സി.പി.എം -സി.പി.ഐ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ രൂപപ്പെട്ട ധാരണയനുസരിച്ചാണ് മന്ത്രിസഭാ ഉപസമിതി രൂപവത്കരിക്കാനും അതുവരേക്കും പദ്ധതി നടപ്പാക്കുന്നത് നിർത്തിവെക്കാനും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.