വി. അബ്ദുറഹ്മാൻ

‘രണ്ട് മത്സരം പാകിസ്താനിൽ കളിച്ചു, രണ്ടിലും നമ്മൾ ജയിച്ചു’; താനൂരിനെ പാകിസ്താനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ; ​പ്രസ്താവന വിവാദത്തിൽ

തിരൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി തിരൂർ എൽ.ഡി.എഫ് സ്ഥാനാർഥി വി. അബ്ദുറഹ്‍മാൻ. മുമ്പ് മത്സരിച്ച് വിജയിച്ച മണ്ഡലമായ താനൂരിനെ പാകിസ്താനുമായി ഉപമിച്ചാണ് അബ്ദുറഹ്മാൻ പ്രചാരണത്തിനിടെ സംസാരിച്ചത്. ഗായകനും സിനിമ നടനുമായ ഹനാൻ ഷായുടെ സ്റ്റേജ് ഷോയിലാണ് കായിക മന്ത്രിയുടെ ഇത്തരത്തിലുള്ള വിവാദ പരാമർശം.

'നമ്മുടെ എതിരാളികൾ പറയുന്നു, നമ്മൾ താനൂരിൽ നിന്നും തോറ്റ് മടങ്ങിയെന്ന്. രണ്ട് മത്സരം താനൂരിൽ പാകിസ്താനിൽ വെച്ച് നമ്മൾ കളിച്ചു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇത് മൂന്നാമത്തെ മത്സരമാണ്. അത് നമ്മുടെ ഹോം ഗ്രൗണ്ടായ തിരൂരിൽ വെച്ച് കളിക്കും. നമുക്ക് ജയിക്കേണ്ടേ?' എന്ന ചോദ്യം ഉയർത്തിയാണ് അബ്‌ദുറഹ്മാൻ സംസാരിച്ചത്.

പ്രസ്താവന വൻ വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. ‘തിരൂരിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ-പാകിസ്താൻ മത്സരം പോലെ ആയിട്ടുണ്ട്. ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുമ്പോൾ വലിയ ആരവമാണ്. അതേപോലെയാണ് തെരഞ്ഞെടുപ്പും നടക്കുന്നത്. തിരൂർ എന്നത് എന്റെ ഹോം ഗ്രൗണ്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ നല്ല രീതിയിൽ മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ’ - അബ്ദുറഹ്മാൻ മാധ്യമങ്ങളോട് വിശദീകരിച്ചു.

താൻ പ്രചാരണ വേളയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് മന്ത്രിയുടെ ന്യായവാദം. ‘ആദ്യത്തെ രണ്ട് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെയാണല്ലോ പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പിലും നമ്മൾ ജയിച്ചാൽ മൂന്ന് മത്സരം വിജയിക്കും. അല്ലാതെ വേറെന്ത്?’ -വിവാദത്തോട് അബ്ദുറഹ്മാന്റെ പ്രതികരണം ഇതായിരുന്നു.

Tags:    
News Summary - Minister V. Abdurahman likens Tanur to Pakistan Statement in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.