റോജി എം. ജോണും ഭാര്യ ലിപ്സി പൗലോസും
അങ്കമാലി: രാഹുൽ ഗാന്ധിയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ ഭാഗ്യം തുണച്ച റോജിയുടെ രാഷ്ട്രീയ ജീവിതം അപ്രതീക്ഷിതവും പുതുമകൾ നിറഞ്ഞതുമാണ്. അങ്കമാലിയുടെ ചരിത്രത്തിലെ കോൺഗ്രസിലെ ആദ്യ മന്ത്രിയായി റോജി എം. ജോൺ എത്തുന്നു. കാലങ്ങളായി കോൺഗ്രസിന് അനുകൂലമായ മണ്ണാണ് അങ്കമാലിയെങ്കിലും ഇടക്കാലത്ത് നാഥനില്ലാക്കളരിയായി. ഇടതുമുന്നണി അത് മുതലാക്കുകയും ചെയ്തു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് ഡൽഹിയിൽ നിന്നുള്ള റോജിയുടെ അങ്കമാലിയിലേക്കുള്ള വരവ്. വളരെവേഗം മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൈയിലെടുത്ത് മൂന്ന് തവണയാണ് വിജയഭേരി മുഴക്കിയത്.
റോജിയുടെ രാഷ്ട്രീയ ജീവിതം തുടക്കം മുതൽ അപ്രതീക്ഷിതവും, പുതുമ നിറഞ്ഞതുമാണ്. എം.എഫിൽ ബിരുദധാരിയായ റോജിയുടെ ഡൽഹിയിലെ പഠന വേളയിലാണ് രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യത്താൽ എൻ.എസ്.യു ദേശീയ പ്രസിഡന്റായത്.
അപ്പോഴാണ് കേരളക്കരയാകെ റോജിയെ അറിയുന്നത്. അധികം വൈകാതെ അങ്കമാലിയിലേക്കുള്ള വരവും. മൂന്നുവട്ടം അങ്കമാലിയുടെ സാരഥിയായി. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പമാണ് റോജിയുടെ രാഷ്ട്രീയ പ്രയാണ വഴികളിലെ വിജയരഹസ്യം.
കുന്നുകര അയിരൂർ മുല്ലൻ മാടക്കൽ വീട്ടിൽ എം.വി. ജോണിന്റെയും-എൽസമ്മയുടെയും മകനായ റോജി 1982 മേയ് 20ന് കണ്ണൂർ തളിപ്പറമ്പിലാണ് ജനിച്ചത്. പഠിച്ചതും കണ്ണൂരിലായിരുന്നു. പിന്നീട് ഉന്നത പഠനത്തിന് ഡൽഹിയിലേക്ക് പോയി. ഇന്റീരിയർ ഡിസൈനറായ ലിപ്സി പൗലോസാണ് ഭാര്യ. എം.എ, എം.ഫിൽ യോഗ്യതയുള്ള റോജി പൊളിറ്റിക്കൽ സയൻസിലും യോഗ്യത നേടിയിട്ടുണ്ട്. നിലവിൽ എ.ഐ.സി.സി അംഗവും, കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗവുമാണ്.
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജ് ചെയർമാനും ന്യൂഡൽഹി ജെ.എൻ.യു കൗൺസിലറും എൻ.എസ്.യു ദേശീയ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്നു.
വായനയിലും സഞ്ചാരത്തിലും തൽപരനായ റോജി ശ്രീലങ്ക, ഇന്തോനേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.