ജനപ്രതിനിധികൾ പരിഭവിക്കരുത്; നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി ബസുകൾ നിർത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി ബസുകൾ നിർത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തും. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുതെന്നും ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉൾപ്രദേശങ്ങൾ, ആദിവാസ മേഖല, പട്ടിക ജാതി- പട്ടിക വർഗ കോളനികൾ, എസ്റ്റേറ്റ് തൊഴിലാളികൾ എന്നിവിടങ്ങളിലെ സർവീസുകൾ നിർത്തില്ല. സമയക്രമമാണ് ബസ് നഷ്ടത്തിലോടാൻ കാരണമെങ്കിൽ അക്കാര്യം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തുന്ന സ്ഥലങ്ങളിലെ റസ്റ്ററന്‍റുകൾക്ക് ക്ലാസിഫിക്കേഷൻ നടപ്പാക്കും. സിനിമ തിയറ്ററുകളിൽ ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തിയ രീതിയിലായിരിക്കും ഇതും നടപ്പാക്കുക. നല്ല ഭക്ഷണം, ശുചിത്വം, ശുചിമുറി എന്നിവയുണ്ടോ എന്ന് ഉദ്യോഗസ്ഥന്മാർ പരിശോധിച്ച ശേഷമായിരിക്കും ക്ലാസിഫിക്കേഷൻ നൽകുക.

ബസ് നിർത്തുന്ന പല സ്ഥലങ്ങളിലെയും റസ്റ്ററന്‍റുകളിൽ നിലവിൽ ശുചിത്വമില്ലാത്ത അവസ്ഥയാണുള്ളത്. ഇത് സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇനിമുതൽ ശുചിമുറികളുള്ള റസ്റ്ററന്‍റുകളിൽ മാത്രമേ ദീർഘയാത്രാ ബസുകൾ നിർത്തൂവെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന് ഇന്ത്യയിലില്ലാത്ത പുതിയ പരിഷ്കാരം തയാറാക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി അനുവാദം നൽകിയാൽ പരിഷ്കാരം നടപ്പാക്കും. പുതിയ സംരംഭകർ പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നും കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

Tags:    
News Summary - Minister K.B. Ganesh Kumar will stop loss-making KSRTC buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT