തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വനിത-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ. മനസാക്ഷി മരവിച്ചു പോകുന്ന വാർത്തയാണിതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ വാർത്തകൾ മുമ്പും കേട്ടിട്ടുണ്ട്. പക്ഷേ, നൊന്തുപറ്റ അമ്മയും കൂടി ചേർന്നായിരിക്കുമല്ലോ ഇത്രയും ക്രൂരമായി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. അവർ കണ്ടിട്ടുണ്ടെന്നല്ലേ പറയുന്നത്. കുഞ്ഞുങ്ങൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നടപടി സർക്കാർ സ്വീകരിക്കും -മന്ത്രി പറഞ്ഞു.
‘51 പരിക്കുകൾ കുഞ്ഞിന് ഉണ്ടാവുക എന്ന് പറയുന്നത് നമ്മുടെ നെഞ്ചുപൊട്ടുന്ന കാര്യമാണ്. ഇത്രയും നാൾ ആ പിഞ്ചുകുഞ്ഞ് എന്തുമാത്രം വേദന സഹിച്ചിരിക്കും. പറയാൻ പോലും കഴിയാത്ത ആ കുഞ്ഞിനെ ഇത്ര ക്രൂരമായി വേദനിപ്പിച്ച ആളുകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ച് സർക്കാർ കൂടുതൽ ക്രിയാത്മകമായി ഇടപെടും. സീറോ ടോളറൻസ് ആണ് ഈ കാര്യത്തിലുള്ളത്.
ഇനി ഇത് ആവർത്തിക്കരുത്. ഇടുക്കിയിൽ സമാന രീതിയിൽ ആക്രമിക്കപ്പെട്ട കുഞ്ഞിന്റെ മുഖമാണ് ഓർമ്മ വരുന്നത്. ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനോട് ഇത്രക്രൂരമായി പെരുമാറുന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും ചിന്തിക്കാൻ പറ്റാത്ത കാര്യം.
വളരെ ഗൗരവത്തോടുകൂടി ഈ വിഷയത്തെ കാണുന്നുണ്ട്. വരും നാളുകളിൽ ഇത് ഉണ്ടാകാതിരിക്കാനുള്ള നടപടികൾ കൂടിയാലോചിക്കും. അതിന്റെ ആക്ഷൻ തയ്യാറാക്കിയേ പറ്റൂ. ആരുടെ കൈകളിലാണ് കുഞ്ഞ് ഏറ്റവും സുരക്ഷിതമെന്ന് നമ്മളും പ്രകൃതിയും കരുതുന്നത്, ആ ആളുകളിൽ നിന്ന് തനെന ഇത്ര ക്രൂരത ഉണ്ടാകുമ്പോൾ എന്താണ് ചേതോവികാരം എന്ന് അന്വേഷിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദഗ്ധരുമായി ആലോചിച്ച് കൃത്യമായ നടപടി എടുക്കും. ശിക്ഷിക്കപ്പെടും വരെ സംസ്ഥാന ശിശുക്ഷേമ വകുപ്പ് കൂടെ ഉണ്ടാകും’ -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.