കോട്ടയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നു.
വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തിയെന്നും മന്ത്രിയുടെ പ്രവർത്തന മികവ് ശ്രദ്ധേയമാണെന്നും വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു. ‘സംസ്ഥാന വനിതാ-ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇന്ന് വെള്ളാപ്പള്ളി വസതിയിലെത്തി ദീർഘനേരം സൗഹൃദപരമായി ആശയവിനിമയം നടത്തി.
സാമൂഹിക, സാംസ്‌കാരിക, വികസന വിഷയങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളെ സംബന്ധിച്ച ആശയങ്ങൾ പങ്കുവെക്കാൻ ഈ കൂടിക്കാഴ്ച അവസരമൊരുക്കി. ജനകീയ വിഷയങ്ങളിൽ മന്ത്രി കാഴ്ചവെക്കുന്ന ആത്മാർഥതയും പ്രവർത്തന മികവും ശ്രദ്ധേയമാണ്. പൊതുപ്രവർത്തന രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ജനസേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാനും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു’ - വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, മന്ത്രിയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്. വിദ്വേഷ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളിയെ കൂടെനിർത്തിയതിനെതിരെ കൂടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ബിന്ദു കൃഷ്ണയെ പോലെയുള്ള പക്വതയില്ലാത്തവർ ഈ സർക്കാറിനെ പറയിപ്പിക്കുമെന്നും ഇയാളെ താങ്ങിയതിന്റെ പേരിലാണ് കേരളത്തിലെ ഒരു ‘രാജാവി’ന്റെ പദവി നഷ്ടപ്പെട്ടതെന്ന് ഓർക്കണമെന്നും പലരും എഫ്.ബിയിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.