കേരള ഹൈകോടതി
കൊച്ചി: എസ്.എൻ.ഡി.പി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസന്വേഷണം ഇഴയുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. ജൂൺ 20നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന അന്ത്യശാസനയും ജസ്റ്റിസ് എ. ബദറുദ്ദീൻ നൽകി. ഇനി കൂടുതൽ സമയം അനവദിക്കില്ല. അന്വേഷണത്തെ ഗൗരവത്തോടെ കാണണം. സന്തോഷകരമല്ലാത്ത ഉത്തരവ് പുറപ്പെടുവിക്കാൻ ഉദ്യോഗസ്ഥൻ ഇടവരുത്തരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്‍റ് എൻ. സോമൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ. മഹേശൻ എന്നിവർ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. ഇതേതുടർന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലെടുത്ത കേസാണിത്.
അന്വേഷണം വേഗത്തിലാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ചേർത്തല മാരാരിക്കുളം സ്വദേശി എം.എസ് അനിൽ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും അന്വേഷണം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി മേയ് 20നകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു. സ്വർണക്കൊള്ളക്കേസിന്‍റെ തിരക്കുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ കീഴുദ്യോഗസ്ഥരുടെ സഹായത്തോടെ മെക്രോഫിനാൻസ് കേസിന്‍റെ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ബുധനാഴ്ച ഹരജി പരിഗണിക്കവേ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ഉദ്യോഗസ്ഥൻ സമർപ്പിച്ചത്. എന്തെക്കെയോ അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നതായി തോന്നുന്നില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. മൈക്രോഫിനാൻസും ശബരിമലയും അന്വേഷിക്കുന്നത് ഒരേ ഉദ്യോഗസ്ഥനാണ്. രണ്ടിലും ഒന്നും നടക്കുന്നില്ലെന്നതാണ് സത്യം.
ഈ കേസ് ഇങ്ങിനെ പോകുന്നതിന് കാരണമെന്തെന്ന് നാട്ടുകാർക്കറിയാം. പ്രതിയുടെ പേര് കാണുമ്പോൾ തന്നെ അത് ബോധ്യമാകും. കോടതി ഒന്നും പറയേണ്ടതില്ല. കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാകട്ടെ അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് പറയുന്നില്ല. ഒരു മാസം വേണമെന്നാണ് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് അന്ത്യശാസനയോടെ ജൂൺ 20 വരെ സമയം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.