ദേശീയത അടിച്ചേല്‍പിക്കുന്നത് വിപരീതഫലമുണ്ടാക്കും -എം.ജി.എസ്

കോഴിക്കോട്: ദേശീയതയെന്നത് അടിച്ചേല്‍പിക്കേണ്ട കാര്യമല്ളെന്നും അങ്ങനെ ചെയ്താല്‍ വിപരീതഫലമാണുണ്ടാക്കുകയെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍. ഭരണനേതൃത്വം പരാജയപ്പെടുമ്പോഴുണ്ടാകുന്ന അപകര്‍ഷതബോധത്തില്‍നിന്നാണ് ഇത്തരം അടിച്ചേല്‍പിക്കലുകള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ജനഗണമന’ പരമ്പരയുടെ നാലാം ദിവസം പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകന്‍ ബഹുമാനം ചോദിച്ചുവാങ്ങുന്നതിനു സമാനമാണ് ഒരാളില്‍ ദേശീയത അടിച്ചേല്‍പിക്കുന്നത്. ബഹുമാനക്കുറവിന് അധ്യാപകന്‍ വിദ്യാര്‍ഥിയെ ശിക്ഷിച്ചാല്‍ ബഹുമാനക്കുറവ് ഇരട്ടിക്കുകയേയുള്ളൂ. ബഹുമാനവും സ്നേഹവുമൊന്നും കൃത്രിമമായി നിര്‍മിക്കാനാവില്ല. അടിച്ചേല്‍പിക്കുക വഴി താല്‍ക്കാലികമായി ദേശീയതയുണ്ടാക്കാന്‍ കഴിഞ്ഞാലും ആത്യന്തികമായി ദേശീയബോധത്തിന്‍െറ തളര്‍ച്ചയാണുണ്ടാവുക. നേതൃത്വത്തിന്‍െറ ഭരണപരമായ പോരായ്മകള്‍ മറച്ചുവെക്കാനാണ് കൃത്രിമമായി ദേശീയതയുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്‍െറ അപചയമാണ് നരേന്ദ്ര മോദി ഭരണത്തിനു കാരണമായതെന്നും എം.ജി.എസ് അഭിപ്രായപ്പെട്ടു. രാഹുലിനെ പ്രധാനമന്ത്രിയാക്കണമെന്ന സോണിയ ഗാന്ധിയുടെ സ്വകാര്യ ആഗ്രഹം സഫലമാവാന്‍ രാഷ്ട്രീയത്തിലെ അതികായനായ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കി. പ്രണബിനെപോലെ ഒരാള്‍ കോണ്‍ഗ്രസ് നേതൃനിരയിലുണ്ടായാല്‍ രാഹുലിനെ ആരും പരിഗണിക്കില്ല. പലകാര്യങ്ങളിലും കോണ്‍ഗ്രസ് ആത്മഹത്യചെയ്തെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

കുടുംബാധിപത്യം ഫാഷിസമല്ളെങ്കിലും ഫാഷിസത്തിലേക്കുള്ള വഴിതുറക്കാന്‍ അത് കാരണമായി. അധികാരം ഒരു കുടുംബത്തിന്‍േറതാവുന്നത് എത്രകാലം ഇന്ത്യന്‍ ജനത സഹിക്കും. ഇതൊക്കെയാണ് കോണ്‍ഗ്രസിന്‍െറ അപചയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ക്ളബില്‍ നടക്കുന്ന പ്രഭാഷണ പരമ്പര ഇന്ന് അവസാനിക്കും.

 

 

Tags:    
News Summary - mgs narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.