കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതക്ക് അനുകൂല മൊഴിനൽകിയ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി. അടിയന്തര പ്രാധാന്യത്തോടെയുള്ള സ്ഥലം മാറ്റ ഉത്തരവ് 28ന് ഡി.എം.ഇ (മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ) ഇറക്കിയെങ്കിലും 30നാണ് മെഡിക്കൽ കോളജിൽ ലഭിച്ചത്. ഇതുപ്രകാരം പി.ബി അനിതയെ 30ന് തന്നെ വിടുതൽ ചെയ്ത് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ ഉത്തരവിടുകയായിരുന്നു. പീഡനത്തിനിരയായ യുവതി ചികിത്സയിലിരിക്കെ മെഡിക്കൽ കോളജിലെ ജീവനക്കാർ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫിസർ എന്നിവരുടെ നിരുത്തരവാദപരമായ സമീപനവും പരസ്പര വിശ്വാസമില്ലാതെയുള്ള പ്രവർത്തനങ്ങളും ഏകോപനമില്ലായ്മയും ആണ് സംഭവത്തിന് ഇടയാക്കിയതെന്നും മൂന്നു പേരെയും ജില്ലക്കു പുറത്തേക്ക് സ്ഥലം മാറ്റണമെന്നും അന്വേഷണ സമിതി നിർദേശിച്ചിട്ടുണ്ടെന്നും ഡി.എം.ഇ ഉത്തരവിൽ പറയുന്നു. ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവ ഗെസറ്റഡ് തസ്തികയായതിനാൽ രണ്ടു പേരുടെയും സ്ഥലംമാറ്റ ഉത്തരവ് സർക്കാർ തലത്തിൽ ഇറങ്ങും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ ഐ.സി.യുവിൽ അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഈ കേസിലെ പ്രതിക്കെതിരായ മൊഴിയിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് ആശുപത്രിയിലെ അഞ്ച് ജീവനക്കാർ അതിജീവിതയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ വാർഡിന്റെ ചുമതലയുണ്ടായിരുന്ന പി.ബി. അനിത പൊലീസിനും ആരോഗ്യ വകുപ്പിന്റെ അന്വേഷണ സമിതിക്കും നൽകിയ മൊഴി അതിജീവിതയുടെ പരാതി സാധൂകരിക്കുന്ന വിധത്തിലായിരുന്നു.
സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചു വനിതാ ജീവനക്കാരെ കഴിഞ്ഞ മാസം 18ന് കോട്ടയം, തൃശൂർ ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ സംരക്ഷിക്കാൻ ഏറെ ശ്രമങ്ങൾ നടന്ന കേസിൽ, അതിജീവിതക്ക് അനുകൂല നിലപാട് സ്വീകരിച്ച മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.