കൊച്ചി: മീഡിയ വൺ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് ജീവശ്വാസം നൽകുന്നതാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു. ചാനൽ ലൈസൻസ് പുതുക്കാൻ നിർദേശിക്കുന്ന വിധിന്യായത്തിലെ ഓരോ വാചകവും ഭരണകൂടത്തിന്റെ ഏകാധിപത്യ കരചരണങ്ങളെ അരിയുന്നതാണ്. ഇതിൻറെ വിലയറിഞ്ഞ് പ്രവർത്തിക്കാനുള്ള ധീരതയും ആർജ്ജവമാണ് മാധ്യമങ്ങൾക്ക് പൊതുവിൽ ഉണ്ടാകേണ്ടത്.
കേന്ദ്ര ഭരണകൂടത്തിന് ഹിതകരമല്ലാത്ത വസ്തുതാപരമായ റിപ്പോർട്ടോ അന്വേഷണമോ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾ ഭയപ്പെടുന്നുണ്ട്. ഈ ഘട്ടത്തിൽ നേരറിയിക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെ ദേശസുരക്ഷയുടെ പേരിൽ തടയാൻ പാടില്ല എന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം ഡിവിഷൻ ബെഞ്ച് വിധി സുപ്രധാനമാണ്.
ഭരണകൂട നയങ്ങൾക്കെതിരെ വിമർശനാത്മക നിലപാട് മാധ്യമങ്ങൾ സ്വീകരിക്കുന്നതിന് നിയമപരമായ പരിരക്ഷ കോടതി ഉറപ്പു നൽകുന്നു. ഭിന്നഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സുപ്രീം കോടതി അടിവരയിടുമ്പോൾ ആ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്താൻ മാധ്യമങ്ങളും അതിനൊത്തു മാറണമെന്ന് അക്കാദമി ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.