മായയും മര്‍ഫിയും : കേരളാ പോലീസിന്‍റെ അഭിമാനമായ പോലീസ് നായ്ക്കള്‍

തിരുവനന്തപുരം: കേരള പോലീസിന്‍റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പോലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളില്‍പ്പെട്ടവയാണ് ഇവ.


 



മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിട്ടുളളത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും. തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്.

ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മ്മതിയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ട ഈ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും.

പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു.


 



കേരളാപോലീസില്‍ ബല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പ്പെട്ട 36 നായ്ക്കളാണ് ഉളളത്. അവയില്‍ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കര്‍ വിഭാഗത്തില്‍പെട്ടവയാണ്. 13 നായ്ക്കളെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നു. മയക്കുമരുന്ന് കണ്ടെത്താനുളള പ്രാഗത്ഭ്യം നേടിയത് മൂന്ന് നായ്ക്കളാണ്. മായയും മര്‍ഫിയും കൂടാതെ എയ്ഞ്ചല്‍ എന്ന നായ് കൂടി മൃതദേഹങ്ങള്‍ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്.

ഹവില്‍ദാര്‍ പി.പ്രഭാതും പോലീസ് കോണ്‍സ്റ്റബിള്‍ ബോണി ബാബുവുമാണ് മായയുടെ പരിശീലകര്‍. മര്‍ഫിയെ പരിപാലിക്കുന്നത് സിവില്‍ പോലീസ് ഓഫീസർ ജോർജ് മാനുവൽ കെ.എസ്, പോലീസ് കോൺസ്റ്റബിൾ നിഖിൽ കൃഷ്ണ കെ. ജി എന്നിവരാണ് .

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലായി 26 ഡോഗ് സ്ക്വാഡുകളാണ് നിലവിലുളളത്. എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിന്‍റെ നിയന്ത്രണത്തിലുളള കെ 9 സ്ക്വാഡെന്ന പോലീസ് ശ്വാനവിഭാഗത്തിന്‍റെ ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ദക്ഷിണ മേഖല ഐ.ജി പി.പ്രകാശ് ആണ്. കെ.എ.പി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്‍റ് കമാന്‍റന്‍റ് എസ്.സുരേഷിനാണ് ഡോഗ് സ്ക്വാഡിന്‍റെ ചുമതലയെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാര്‍ അറിയിച്ചു. 

Tags:    
News Summary - Maya and Murphy: The proud police dogs of the Kerala Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.