മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പില്‍ 221 അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ സ്ഥലംമാറ്റി. 48 മണിക്കൂറിനകം ഉത്തരവ് പ്രകാരമുള്ള ചുമതലയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. എൻഫോഴ്സ്മെന്‍റ് വിഭാഗത്തിൽ നാല് വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിക്കുന്നവരെ ആർ.ടി.ഒ, ജോയന്‍റ് ആർ.ടി.ഒ ഓഫിസുകളിലേക്കാണ് മാറ്റിയത്. ആർ.ടി.ഒ ഓഫിസുകളിൽ നിശ്ചിത കാലാവധി പൂർത്തിയാക്കിയവരെ എൻഫോഴ്സ്മെന്‍റിലേക്കും മാറ്റി.

സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വകുപ്പിലെ വിവിധ മേഖലകളിൽ പരിചയം നേടാനുമാണ് സ്ഥലംമാറ്റമെന്ന് സർക്കാർ വിശദീകരിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽനിന്ന് ആർ.ടി.ഒ-സബ് ആർ.ടി.ഒ എന്നിവയിലേക്ക് സ്ഥലംമാറ്റം നടത്തുമ്പോൾ, ആനുപാതികമായ എണ്ണം ഉദ്യോഗസ്ഥതെ തിരിച്ചും മാറ്റണമെന്ന വ്യവസ്ഥയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. പൊതു സ്ഥലംമാറ്റങ്ങളിൽ അനുയോജ്യ ഓഫിസുകൾ തെരഞ്ഞെടുക്കാൻ ഈ ഉദ്യോഗസ്ഥർക്ക് അനുവാദമുണ്ടാകും.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവുകളും സ്പാർക്ക് സോഫ്റ്റ്‌വെയറിലെ പരിമിതികളും കാരണം 2022നുശേഷം എം.എം.വി.ഐമാരുടെ പൊതുസ്ഥലംമാറ്റങ്ങൾ നടന്നിരുന്നില്ല. ഇതാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ എം.എം.വി.ഐ നിശ്ചിത സമയപരിധി കഴിഞ്ഞും തുടരാൻ കാരണമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സ്ഥലംമാറ്റം ചട്ടവിരുദ്ധമെന്ന് ആക്ഷേപമുയർന്നു. നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ. സ്പാർക് വഴി ഉദ്യോഗസ്ഥരുടെ സന്നദ്ധത ഉറപ്പാക്കിയല്ല സ്ഥലംമാറ്റമെന്നാണ് പ്രധാന ആക്ഷേപം. പൊതുസ്ഥലംമാറ്റം നടത്താതെയുള്ള മാറ്റം അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്.

Tags:    
News Summary - Mass transfer in the Motor Vehicles Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.