വരാപ്പുഴ: കടമക്കുടിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ വായ്പ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി തുടരുന്നു. വലിയ കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ ഏയ്ബൽ (ഏഴ്), ആരോൺ എന്നിവരെ ചൊവ്വാഴ്ചയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപയുടെ രൂപമാറ്റം വരുത്തിയ ചിത്രം കുടുംബാംഗങ്ങൾക്കടക്കം അയക്കുമെന്ന ഓൺലൈൻ വായ്പ തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയാണ് കുടുംബത്തെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
വ്യാഴാഴ്ച രാവിലെയും പ്രദേശത്തെ ആരോഗ്യ പ്രവർത്തകയുടെ മൊബൈൽ ഫോണിലേക്ക് ശിൽപയുടെ മോർഫ് ചെയ്ത ചിത്രം ലഭിച്ചു. കുടുംബം ആത്മഹത്യ ചെയ്യുന്നതിന് മുമ്പും ഇതേ ആരോഗ്യപ്രവർത്തകയുടെ ഫോണിലേക്ക് ചില സന്ദേശങ്ങൾ ഓൺ ലൈൻ വായ്പ സംഘം അയച്ചിരുന്നു. തുടർന്ന് സന്ദേശം വന്ന നമ്പർ ഇവർ ബ്ലോക്ക് ചെയ്തു. എന്നാൽ, പുതിയ നമ്പറിൽനിന്നാണ് വ്യാഴാഴ്ച ഇവർക്ക് നഗ്നചിത്രമടക്കം സന്ദേശം എത്തിയത്. ആദ്യ സന്ദേശത്തിൽ കുടുംബം ബാക്കി തിരിച്ചടക്കാനുണ്ടായിരുന്നതായി കാണിച്ച തുക 9300 രൂപയായിരുന്നു. എന്നാൽ, വ്യാഴാഴ്ച ലഭിച്ച സന്ദേശത്തിൽ ഇത് 40,000 രൂപയാണ്.
വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വടക്കേക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.സി. സൂരജിനാണ് അന്വേഷണച്ചുമതല. തട്ടിപ്പ് നടത്തിയ ഓൺലൈൻ വായ്പ ആപ്പ് ഏതാണെന്ന് കണ്ടെത്തുകയോ ഇവർക്കെതിരെ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശിൽപയുടെയും നിജോയുടെയും മൊബൈൽ ഫോൺ ഇതുവരെ പരിശോധിക്കാനായിട്ടില്ല. ഇരു ഫോണിന്റെയും പാറ്റേൺ ലോക് തുറക്കാൻ കഴിയാത്തതാണ് കാരണം.
ഇവയുടെ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ തട്ടിപ്പ് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. ശ്രീലങ്കയിൽനിന്നുള്ള ഓൺലൈൻ തട്ടിപ്പ് സംഘമാണോ പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നിരവധി പേർ ഇവരുടെ കെണിയിൽ അകപ്പെടുന്നുണ്ടെങ്കിലും മാനഹാനി ഭയന്ന് പലരും പുറത്ത് പറയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.