മാസപ്പടിക്കേസിൽ നിയമോപദേശം; കൈക്കൂലിക്ക് കേസെടുക്കാം
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാമെന്നും കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നുമാണ് അഡ്വക്കേറ്റ് ജനറൽ ആഭ്യന്തരവകുപ്പിന് കൈമാറിയ നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിൽ ഏത് തരം അന്വേഷണം വേണമെന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും.
നിയമോപദേശം ഉൾപ്പെടെ കാര്യങ്ങൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിശദീകരിക്കും. അതിന് ശേഷമാകും അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കുക.
അഴിമതി തടയൽ നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നാണ് നിയമോപദേശം. ആ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിനാണ് പ്രഥമ സാധ്യത. ആവശ്യമെങ്കിൽ സർക്കാർ എസ്.ഐ.ടിയെ നിയോഗിക്കും. പിണറായി വിജയന്റെ മകൾ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം.
മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം വാങ്ങിയാലും കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയെന്നും നിയമോപദേശത്തിലുണ്ട്. കൈക്കൂലി നൽകിയതിനും വാങ്ങിയതിനും ആരു കൊടുത്തു എന്നതിനും തെളിവുണ്ട്. ശശിധരൻ കർത്തയുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ചെയ്യാത്ത സേവനത്തിനാണ് പണം വാങ്ങിയത്. ഇത് പിണറായിക്കുള്ള കൈക്കൂലി എന്ന് അനുമാനിക്കണം. നിയമാനുസൃതം ആർജിച്ച പണം എന്ന് വീണക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ആദായ നികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കോടതിയിൽ എതിർകക്ഷികൾ ചോദ്യം ചെയ്തിട്ടില്ല. 2018ലെ നിയമഭേദഗതിക്ക് മുമ്പും ശേഷവും പണമിടപാട് നടന്നിട്ടുണ്ടെന്നും അതിനാൽ രണ്ട് കാലത്തെ വകുപ്പുകൾ പ്രകാരവും അന്വേഷണം നടത്താമെന്നും നിയമോപദേശത്തിൽ പറയുന്നു.
ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തുള്ള അന്വേഷണത്തിനാണോ സർക്കാർ നിർദേശം നൽകുന്നതെന്നതാണ് നിർണായകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.