നാദാപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകൾക്ക് അവധി

നാദാപുരം: നാദാപുരം കുമ്മങ്കോട്ടിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. 

താമരശ്ശേരി, കുറ്റ്യാടി, പെരുവണ്ണാമൂഴി എന്നിവിടങ്ങളിൽ നിന്നുള്ള ആർ.ആർ.ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ നാദാപുരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്ത് രാത്രികാല പരിശോധനയും തുടരുന്നുണ്ട്. നാട്ടുകാരുടെ സുരക്ഷ മുൻനിർത്തി പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ, സൗത്ത് എൽ.പി സ്കൂൾ, പ്രദേശത്തെ മദ്റസ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഒരു യുവാവിനും വീട്ടമ്മക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇത് പുലിയുടെ ആക്രമണമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പുലിയോട് സാദൃശ്യമുള്ള ഒരു ജീവി റോഡിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. എന്നാൽ, ആക്രമണം നടത്തിയത് ഏത് ജീവിയാണെന്നതു സംബന്ധിച്ച് വനംവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

പരിക്കേറ്റ എരഞ്ഞിക്കൽ മുഹമ്മദ് സിനാനിനെ നാദാപുരത്ത് നിന്നു വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിലേക്ക് അജ്ഞാത ജീവി ചാടുകയായിരുന്നു. തുടർന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ പ്രദേശത്ത് ഭീതി നിലനിൽക്കുകയാണ്.

Tags:    
News Summary - Unknown animal attack in Nadapuram; Schools closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.