മെസ്സിയുടെ പേരിലെ കള്ളക്കളി; നികുതി അടക്കാൻ ജി.എസ്.ടി വകുപ്പ് വീണ്ടും ആവശ്യപ്പെടും
തിരുവനന്തപുരം: ലയണൽ മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടിൽ നികുതി അടക്കണമെന്ന് ചൂണ്ടിക്കാട്ടി സ്പോൺസർക്ക് ജി.എസ്.ടി വകുപ്പ് ഉടൻ വീണ്ടും നോട്ടീസ് നൽകും. മുമ്പ് പലകുറി നോട്ടീസ് നൽകിയെങ്കിലും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) നികുതിപ്പണം അടച്ചില്ല. ഇപ്പോൾ ജി.എസ്.ടി വകുപ്പ് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകുക.
മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ വിദേശത്തേക്ക് കടത്തിയ തുകക്ക് 22 കോടിയിലേറെ രൂപ നികുതിയായി അടക്കണമെന്നാണ് കണ്ടെത്തൽ. അതിന്‍റെ അടിസ്ഥാനത്തിൽ സ്പോൺസറായിരുന്ന ആർ.ബി.സി എം.ഡി. ആന്‍റോ അഗസ്റ്റിന് വകുപ്പ് 74എ പ്രകാരം ജി.എസ്.ടി വകുപ്പ് ഉടൻ നോട്ടീസ് നൽകും. പലിശയും പിഴയുമടക്കം 25 കോടി രൂപ അടക്കാൻ ആവശ്യപ്പെടും.
അതിനിടെ, മെസ്സി വന്നാലും താൻ നികുതി അടക്കില്ലായിരുന്നെന്നും സർക്കാരാണ് മെസ്സിയെ കൊണ്ടുവരാനുള്ള നീക്കം നടത്തിയതെന്നുമുള്ള ആന്‍റോ അഗസ്റ്റിൻ നൽകിയ മൊഴി പുറത്തുവന്നു. മൊഴിയെടുപ്പിൽ സഹകരിച്ചില്ലെന്നും മൊഴിയെടുപ്പ് പൂർത്തിയാകും മുമ്പ് ഓഫീസ് വിട്ടതായും ജി.എസ്.ടി. വൃത്തങ്ങൾ പറയുന്നു. 2025 ജൂണിലാണ് ഈ ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ റിപ്പോർട്ടർ ടി.വി. എം.ഡി ആന്‍റോ അഗസ്റ്റിൻ പുറത്തുപറഞ്ഞത്. അതിന് ശേഷം ജൂലൈയിൽ നോട്ടീസ് അയച്ചിട്ടും ജി.എസ്.ടി. അടച്ചില്ല. അങ്ങനെയാണ് ആഗസ്റ്റിൽ കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്‍റലിജൻസ് ഓഫീസർ സമൻസ് അയച്ചത്. ജി.എസ്.ടി. ഇന്‍റലിജൻസ് നൽകിയ സമൻസുകൾക്ക് ആഗസ്റ്റ് മൂന്നിനാണ് ആന്റോ നേരിട്ട് ഹാജരായത്. തുടർന്ന് മൊഴിയെടുപ്പും കേസിന്‍റെ അന്വേഷണവും ജി.എസ്.ടി. സംഘം പൂർത്തിയാക്കി. സ്‌പോൺസർഷിപ്പിന്‍റെ ഭാഗമായി 126 കോടിയുടെ പണമിടപാട് നടന്നതായി വ്യക്തമായി. ഈ ഇടപാടുകൾ തെളിയിക്കാനായി എറണാകുളത്തെ ബാങ്ക് രേഖകൾ ജി.എസ്.ടി വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളിലായി പണം അടയ്ക്കാനായിരുന്നു ധാരണയെന്നും ഇതിൽ 45 കോടി രൂപയുടെ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും അടച്ചെന്നും ബാങ്ക് രേഖകളിൽനിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടായതിനാലും, സർക്കാർ രൂപീകരിച്ച ജി.എസ്.ടി പ്രത്യേക അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതിനാലും കേസ് നടപടികൾ കൂടുതൽ വിപുലമായി പുരോഗമിക്കുകയാണ്. നോട്ടീസ് നൽകിയാൽ പരമാവധി 30 ദിവസം വിശദീകരിക്കാൻ സമയം നൽകും. അതിനുശേഷം ആ പണം തിരിച്ചുപിടിക്കാനുള്ള നടപടിയിലേക്ക് കടക്കും. എന്നാൽ മെസ്സി കേരളത്തിലെത്താത്തതിനാൽ സ്പോൺസർ പണമടക്കേണ്ടെന്ന പ്രചാരണവും നടക്കുന്നുണ്ട്. പക്ഷെ മെസ്സിയുടെ പേരിൽ നടത്തിയ സാമ്പത്തിക ഇടപാടും ആ തുക തിരിച്ചുവന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതുമെല്ലാം പ്രശ്നമാണ്. അതിനിടെ, തട്ടിപ്പിൽ ഇന്‍റർപോൾ സഹായം ഉൾപ്പെടെ വേണ്ടിവരുമെന്ന സൂചനയാണ് കായികമന്ത്രി നൽകുന്നത്. കേസന്വേഷിക്കുന്ന എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി അന്വേഷണവും മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.