ഐ.എൻ.ടി.യു.സി നേതൃയോഗം ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി വി.ഡി.സതീശന് വിളക്ക് കൈമാറുന്ന സംസ്ഥാന പ്രസിഡന്‍റ് ആർ.ചന്ദ്രശേഖരൻ

അകൽച്ചകൾക്ക് വിരാമം; മുഖ്യമന്ത്രിയും ആർ. ചന്ദ്രശേഖറും ഒരേ വേദിയിൽ

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരനും ഒരേ വേദിയിൽ. തലസ്ഥാനത്ത് നടന്ന ഐ.എൻ.ടി.യു.സി നേതൃ യോഗത്തിലാണ് വിയോജിപ്പുകൾ മാറ്റിവെച്ച് ഇരുവരും വേദി പങ്കിട്ടത്.

ഊർജ്ജസ്വലനായ മുഖ്യമന്ത്രിയാണ് സതീശനെന്ന് ചന്ദ്രശേഖരൻ പുകഴ്ത്തിയപ്പോൾ, താൻ കൂടി ആവശ്യപ്പെട്ടാണ് ഇത്തരമൊരു സംഗമം നടത്തുന്നതെന്ന് തുറന്നുപറഞ്ഞാണ് വി.ഡി. സതീശൻ അടുപ്പം അടിവരയിട്ടത്. എന്നാൽ, അഴിമതി കേസിനെയോ വിവാദങ്ങളെയോ ഇരുവരും പരാമർശിച്ചില്ല. നിയമസഭ സമ്മേളനം കാരണമാണ് കഴിഞ്ഞ ഐ.എൻ.ടി.യു.സി സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിൽ നിയമസഭ ചരിത്രത്തിൽ തന്‍റെ പേരിൽ റെക്കോഡ് രേഖപ്പെടുത്തിയ ദിവസമായിരുന്നു അന്ന്.

അവിടെ നടന്ന എല്ലാ നടപടിക്രമങ്ങളിലും തനിക്ക് പങ്കെടുക്കേണ്ടിവന്നു. സാധാരണ നിയമസഭയിൽ നിന്നിറങ്ങി, ഒരു യോഗത്തിലൊക്കെ പങ്കെടുത്ത് തിരിച്ചുപോകാൻ കഴിയാറുണ്ട്. അന്നൊരു പ്രത്യേക ദിവസമായതുകൊണ്ടാണ് അസൗകര്യമുണ്ടായത്. ആ പോരായ്മ കൂടി തീർക്കാനാണ് സംസ്ഥാന നേതൃയോഗം വിളിക്കാൻ താൻ ചന്ദ്രശേഖരനോട് പറഞ്ഞത്. അതിൽ പങ്കെടുക്കണമെന്ന് അങ്ങോട്ട് പറയുകയായിരുന്നു-സതീശൻ കൂട്ടിച്ചേർത്തു.

താൻ മണിയടിക്കുന്ന ആളല്ലെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി മുഖ്യമന്ത്രിക്ക് ബിഗ് സല്യൂട്ട് നൽകുന്നുവെന്നുമായിരുന്നു ആർ. ചന്ദ്രശേഖരന്‍റെ പരാമർശം. കേരളത്തിലെ ഐ.എൻ.ടി.യു.സി പ്രസ്ഥാനത്തിൽ 50 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ആളാണ് താൻ. സംഘടനയുടെ നേതൃയോഗത്തിൽ ആദ്യമായി പങ്കെടുത്ത മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്നും അദ്ദേഹം പറഞ്ഞു. പാളയം പബ്ലിക് ലൈബ്രറി ഹാളിലായിയിരുന്നു നേതൃയോഗം. കശുവണ്ടി അഴിമതി കേസിൽ പ്രതിയായതിനു പിന്നാലെ ചന്ദ്രശേഖരൻ പങ്കെടുത്ത വേദിയിൽനിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് അന്ന് വാർത്തയായിരുന്നു.

Tags:    
News Summary - Differences End: CM, R. Chandrasekhar Together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.