അവസാന ഒറ്റവരിപ്പാതയും ഇല്ലാതാകുന്നു; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതക്ക് റെയിൽവേയുടെ പച്ചക്കൊടി

ന്യൂഡല്‍ഹി: ആലപ്പുഴ വഴിയുള്ള റെയിൽ ഗതാഗതം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാരാരിക്കുളം-ആലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്ക് റെയില്‍വേ അംഗീകാരം നല്‍കി. 10.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 220.51 കോടി രൂപ ചെലവിലാണ് ഇരട്ടിപ്പിക്കുക. ഇതോടെ ഈ ലൈനിലെ അവസാന ഒറ്റവരിപ്പാതയും ഇല്ലാതാകും.

നിലവില്‍ എറണാകുളം-തുറവൂര്‍-ആലപ്പുഴ-അമ്പലപ്പുഴ-കായംകുളം റെയില്‍ ഇടനാഴിയില്‍ അവശേഷിക്കുന്ന ഏക സിംഗിള്‍ ലൈന്‍ ഭാഗമാണ് മരാരിക്കുളം-ആലപ്പുഴ സെക്ഷന്‍. ഈ ഭാഗവും ഇരട്ടിപ്പിക്കുന്നതോടെ മുഴുവന്‍ പാതയിലും ട്രെയിന്‍ ഗതാഗതം കൂടുതല്‍ സുഗമമാകും. ഈ റൂട്ടിലെ മറ്റ് ഭാഗങ്ങളിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ ഒന്നുകിൽ പൂർത്തിയാവുകയോ അല്ലെങ്കിൽ പുരോഗമിക്കുകയോ ചെയ്യുകയാണ്. പുതിയ അനുമതിയോടെ ഈ പ്രധാന റെയിൽവേ കോറിഡോർ പൂർണമായും ഇരട്ടപ്പാതയായി മാറും.

റെയിൽവേ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനായുള്ള പ്രത്യേക പദ്ധതികളുടെ (umbrella work) ഭാഗമായാണ് ഈ തീരുമാനമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ദക്ഷിണ റെയില്‍വേ ശൃംഖലയിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും ട്രെയിന്‍ ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രധാന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഡബ്ലിങ്, ട്രിപ്ലിങ്, ക്വാഡ്രുപ്ലിങ്, ഫ്‌ളൈഓവര്‍, ബൈപാസ് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി അംഗീകരിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഓരോ ദിശയിലേക്കും ദിവസം ഒമ്പത് അധിക യാത്രാ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഇതിനുപുറമെ പ്രതിവര്‍ഷം 2.88 ദശലക്ഷം ടണ്‍ ചരക്ക് ഗതാഗതം കൈകാര്യം ചെയ്യുന്നതിനും ഇത് സഹായകരമാകും. ഇതിലൂടെ പ്രതിവര്‍ഷം 3.08 കോടി രൂപ അധിക വരുമാനം റെയില്‍വേക്കു ലഭിക്കുമെന്നും കണക്കുകൂട്ടുന്നു.

നിലവില്‍ സിംഗിള്‍ ലൈന്‍ ആയതിനാല്‍ എതിര്‍ദിശയില്‍ വരുന്നവക്ക് വഴിയൊരുക്കാന്‍ പലപ്പോഴും ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ പിടിച്ചിടേണ്ടിവരുന്നുണ്ട്. പാത ഇരട്ടിപ്പിക്കുന്നതോടെ കാത്തിരിപ്പുസമയം ഗണ്യമായി കുറയും. ആലപ്പുഴ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാര്‍ക്കും ചരക്ക് ഗതാഗത മേഖലക്കും ഇത് വലിയ ഗുണം ചെയ്യും.

റെയിൽവേയുടെ ‘മിഷൻ 3000 എം.ടി’, ഹൈ ഡെൻസിറ്റി ട്രാഫിക് നെറ്റ്‌വർക്ക് കോറിഡോർ എന്നിവക്ക് കീഴിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. 

Tags:    
News Summary - Mararikulam-Alappuzha rail doubling project gets nod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.