നെട്ടൂർ: തീരദേശനിയമം ലംഘിച്ച് നിർമിച്ച മരടിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ മ രട് നഗരസഭ സെക്രട്ടറി നിർമാതാക്കൾക്ക് നോട്ടീസ് നൽകി. വ്യാഴാഴ്ച ഉച്ചയോടെയാണ് നോട്ട ീസ് നൽകിയത്.
നെട്ടൂരിലെ ആൽഫ വെഞ്ചേഴ്സ്, ജയിൻ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, മരട് കണ്ണാടിക്കാടിലെ ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനാണ് നോട്ടീസ് നൽകിയത്.
തീരദേശനിയമം ലംഘിച്ച് നിർമിച്ച മരടിലെ ഈ നാല് ഫ്ലാറ്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മേയ് എട്ടിനാണ് സുപ്രീംകോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ലാറ്റ് നിർമാതാക്കൾ റിവ്യൂ പെറ്റിഷൻ ഫയൽ ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മരട് നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.
ഫ്ലാറ്റ് പൊളിക്കാൻ ആവശ്യമായ 30 കോടി രൂപ നഗരസഭക്ക് താങ്ങാനാവില്ല. പൊളിക്കുമ്പോൾ സമീപവീടുകളുടെ സുരക്ഷ, അവശിഷ്ടങ്ങളുടെ സംസ്കരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദപഠനം നടത്തി തയാറാക്കുന്ന വിവരം സർക്കാറിനെ ധരിപ്പിക്കാനായിരുന്നു യോഗതീരുമാനം.
കോടികൾ മുടക്കി വാങ്ങിയ ഫ്ലാറ്റ് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന താമസക്കാരുടെ പ്രശ്നമാണ് സങ്കീർണമായി നിലനിൽക്കുന്നത്. ഈ നഷ്ടം ഫ്ലാറ്റ് നിർമാതാക്കളിൽനിന്ന് ഈടാക്കണമെന്നാണ് നിലവിലെ വാദം. നഗരസഭ നിയമവിദഗ്ധരിൽനിന്ന് ഉപദേശം തേടിയശേഷമാണ് ഫ്ലാറ്റുടമകൾക്ക് നോട്ടീസ് നൽകിയത്. ചട്ടലംഘനം ശ്രദ്ധയിൽപെട്ടാൽ കെ.എം.ബി.ആർ റൂൾ-18 പ്രകാരമുള്ള ആദ്യനടപടിക്കാണ് നഗരസഭ വ്യാഴാഴ്ച തുടക്കംകുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.