മാവോയിസ്​റ്റ്​ വേട്ട: വനപാലകര്‍ ഭീതിയില്‍

എടക്കര (മലപ്പുറം): മാവോവാദി വേട്ടയെതുടര്‍ന്ന് സംഘര്‍ഷഭരിതമായ നിലമ്പൂര്‍ സൗത്, നോര്‍ത് ഡിവിഷനുകളിലെ വനപാലകര്‍ ഭീതിയില്‍. നടപടികള്‍ കഴിഞ്ഞ് പൊലീസ് സംഘം മടങ്ങിയാല്‍ ഇതിന്‍െറ പ്രത്യാഘാതം അനുഭവിക്കേണ്ടിവരിക വനപാലകരായിരിക്കുമെന്നാണ് ആശങ്ക.

മാവോവാദികള്‍ പ്രത്യാക്രമണം ആസൂത്രണം ചെയ്തേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതിരോധിക്കാനുള്ള സുരക്ഷ സംവിധാനങ്ങളൊന്നുമില്ലാതെയാണ് വനപാലകര്‍ ഉള്‍വനത്തില്‍ ജോലിചെയ്യുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് വനത്തില്‍ വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം വേണമെന്ന് ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

പൂക്കോട്ടുംപാടം ടി.കെ കോളനിയിലെയും സൈലന്‍റ്വാലിയിലെയും ഒൗട്ട്പോസ്റ്റുകള്‍ മാവോവാദികള്‍ അടുത്തിടെ കത്തിച്ചിരുന്നു. ഇവിടുന്ന് തട്ടിക്കൊണ്ടുപോയ വാച്ചര്‍മാരെ പിന്നീട് ഉള്‍വനത്തില്‍ വിട്ടയച്ചു. നിലമ്പൂര്‍ സൗത്, നോര്‍ത് ഡിവിഷനുകളിലായി 26 ഒൗട്ട്പോസ്റ്റുകളുണ്ട്. രണ്ടുമുതല്‍ 14 കിലോമീറ്റര്‍ വരെ ഉള്‍വനത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ പകല്‍പോലും ഇവിടേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് വനപാലകര്‍. നിരന്തരം ഉള്‍വനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വനം വാച്ചര്‍മാര്‍ക്കും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്കും സ്വയംരക്ഷക്കായുള്ള സൗകര്യമൊന്നും സര്‍ക്കാര്‍ നല്‍കുന്നില്ല.

അതേസമയം, മാവോവാദി ഭീഷണിയുടെ സാഹചര്യത്തില്‍ സമീപപ്രദേശങ്ങളിലെ ഏഴ് പൊലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. ആക്രമണഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ ഉള്‍വനത്തിലെ ഒൗട്ട്പോസ്റ്റുകളിലേക്ക് പോകേണ്ടതില്ളെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വനപാലകരുടെ സാന്നിധ്യമില്ലാത്ത ഉള്‍വനങ്ങളില്‍ മൃഗവേട്ടയുള്‍പ്പെടെയുള്ളവ നടക്കുന്നതായും ആക്ഷേപമുണ്ട്.

 

Tags:    
News Summary - Maoists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.