മന്‍സൂര്‍ കൊലപാതകം: സി.പി.എം ലോക്കൽ സെക്രട്ടറിയടക്കം പ്രതി, മുഴുവന്‍ പേരെയും പിടികൂടണം -യൂത്ത്​ ലീഗ്

കോഴിക്കോട്: മന്‍സൂർ കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, ലോക്കല്‍ കമ്മിറ്റി അംഗം ജാബിര്‍, പൂല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണെന്ന്​ ഫിറോസ് ആരോപിച്ചു. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല.

അന്വേഷണ സംഘത്തെ മാറ്റിയപ്പോള്‍ കേസന്വേഷണം പുരോഗമിച്ചിരുന്നുവെങ്കിലും പുതിയ അന്വേഷണ സംഘത്തിന്‍റെ മുകളിലും ഭരണകക്ഷി സമ്മർദ്ദം ചെലുത്തുന്നത് കാരണം ഇഴഞ്ഞ് നീങ്ങുകയാണ്. കൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന പ്രതി ജാബിര്‍ ഓണ്‍ലൈനില്‍ വന്നതിന്‍റെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടും ശാസ്ത്രീയമായ അന്വേഷണം നടത്താനോ പ്രതിയെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ല.

കേസിലെ പ്രധാന പ്രതി സുഹൈലിന്‍റെ വീട് സി.പി.എം നേതാക്കള്‍ വൃത്തിയാക്കാന്‍ എത്തിയത് ദുരൂഹമാണ്. ബോംബ് നിർമാണം നടന്നത് സുഹൈലിന്‍റെ വീട്ടിലാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്പോഴാണ് ഇത്തരം ഒരു സംഭവം നടന്നത്. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് ന്യായമായും സംശയിക്കുന്നു. ഇതിന് നേതൃത്വം കൊടുത്ത സി.പി.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ ഹരീന്ദ്രന്‍ പാനൂര്‍, നഗരസഭ കൗണ്‍സിലര്‍ ദാസന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണം.

കേസിലെ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തിലും അന്വേഷണം മുമ്പോട്ട് പോകുന്നില്ല. മന്‍സൂറിന്‍റെ കൊലപാതകത്തിലെ സി.പി.എം നേതാക്കളുടെ പങ്ക് അടക്കം പുറത്ത് വരുമെന്ന ഭയം കൊണ്ട് രതീഷിനെ കൊലപ്പെടുത്തിയാതാണെന്ന് സംശയമുണ്ട്. മാധ്യമ പ്രവര്‍ത്തകരെയടക്കം രതീഷിന്‍റെ വീട്ടിലേക്ക് പോകാൻ സി.പി.എം ഗുണ്ടകള്‍ സമ്മതിക്കുന്നില്ലെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.

ഇത് ബന്ധുക്കളുമായി സംസാരിക്കുന്നത് തടയാനാണ്. പൊലീസിന്‍റെ സംരക്ഷണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ രതീഷിന്‍റെ അമ്മയുള്‍പ്പെടെ ബന്ധുക്കളോട് സംസാരിക്കാന്‍ തയാറാകണം. ഈ മരണവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരാന്‍ അന്വേഷണ സംഘം തയാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മന്‍സൂര്‍ കൊലപാതക കേസിലെ പ്രതികളെ പിടികൂടുന്നതിന് പകരം വിലാപ യാത്ര കഴിഞ്ഞ് പോകുമ്പോഴുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ നിരപരാധികളായ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസുകള്‍ ചുമത്തി ജയിലിടക്കാനാണ് പൊലീസ് താൽപ്പര്യം കാണിക്കുന്നത്. കൂത്തുപറമ്പ എ.സി.പിയും കൊളവള്ളൂര്‍, ചൊക്ലി സി.ഐമാരും നിരപരാധികളെ വേട്ടയാടാൻ നേതൃത്വം കൊടുക്കുകയാണ്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി നടപടിയെടുക്കണം.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻറ് പി.കെ. സുബൈര്‍, കണ്ണൂര്‍ ജില്ല മുസ്‌ലിം യൂത്ത് ലീഗ്‌ ജനറൽ സെക്രട്ടറി സമീര്‍ പറമ്പത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Mansoor murder: All accused, including CPM local secretary, should be arrested: Youth League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.