മണ്ണാർക്കാട് മൂപ്പിൽ സ്ഥാനിക്ക് അട്ടപ്പാടിയിൽ 2000 ഏക്കർ ഭൂമിക്ക് മേൽ അവകാശമുണ്ട് -കെ.എം. ശശീന്ദ്രൻ ഉണ്ണി

കോഴിക്കോട്: മണ്ണാർക്കാട് മൂപ്പിൽ സ്ഥാനിക്ക് അട്ടപ്പാടിയിൽ 2000 ഏക്കർ ഭൂമിക്ക് മേൽ അവകാശമുണ്ടെന്ന് മൂപ്പിൽ നായരുടെ പ്രതിനിധിയായ കെ.എം. ശശീന്ദ്രൻ ഉണ്ണി. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ ശശീന്ദ്രൻ ഉണ്ണി 2013ൽ സർക്കാരിന് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ കത്ത് പ്രകാരം നൂറ്റാണ്ടുകളായി അട്ടപ്പാടി മലവാരം മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്തിന്റെ കൈവശത്തിലായിരുന്നു.

വള്ളുവകോനാതിരിയുടെ കാലത്ത് അട്ടപ്പാടിയിൽ ഏതാണ്ട് 1,80,000 ഏക്കർ ഭൂമിയുടെ ഉടമാവകാശമാണ് മൂപ്പിൽ സ്ഥാനിക്ക് ഉണ്ടായിരുന്നുത്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ബ്രിട്ടീഷ് രാജ്ഞിയുടെ നിർദേശപ്രകാരം ബ്രിട്ടീഷ് സർക്കാർ ഏക്കറിന് ഒരു രൂപ പ്രതിഫലം നിശ്ചയിച്ച് മൂപ്പിൽ നായർക്ക് നൽകി കുറെ സ്ഥലം ഏറ്റെടുത്തു. സൈലന്റ് വാലി നാഷണൽ പാർക്ക്, മദ്രാസ് സംസ്ഥാനത്തിലെ കോയമ്പത്തൂർ നഗര-പ്രാന്ത പ്രദേശങ്ങൾക്ക് കുടുനീര് നൽകിക്കൊണ്ടിരിക്കുന്ന ശിരുവാണി റിസർവോയർ എന്നിവ ഉൾപ്പെട്ട റിസർവ് വനമേഖല അടങ്ങുന്ന 35,000 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ശേഷിച്ച 1,45,000 ഏക്കർ ഭൂമി മണ്ണാർക്കാട് മൂപ്പിൽ നായരുടെതാണെന്ന് കോടതി രേഖകളുണ്ടെന്നാണ് കത്തിൽ അവകാശപ്പെട്ടത്.

അങ്ങാടിപ്പുറം ആസ്ഥാനമാക്കിയുള്ള വള്ളുവക്കോനാതിരി എന്ന ആളായിരുന്നു വള്ളുവനാട് ദേശത്തിന്റെ രാജാവും അധികാരിയും. അവരുടെ അധികാര പരിധിയിൽപ്പെട്ട സ്ഥലങ്ങൾ ആയിരുന്നു കല്ലടിക്കോട് വരെയുള്ള അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ. വള്ളുവക്കോനാതിരിക്ക് കീഴിൽ വരുന്ന നാടുവാഴി ആയിരുന്നു മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം. ഇതൊരു അധികാര കേന്ദ്രവും മൂപ്പൻ നായർ എന്നത് അതിലെ ഏറ്റവും മുതിർന്ന ആൺ പ്രതിനിധിയാണ്. തൊട്ടടുത്ത മൂപ്പിൽ നായരാകാൻ യോഗ്യതയുള്ള ആളെ ഇളയ നായർ എന്നും പറഞ്ഞു.

അവസാന മൂപ്പിൽ സ്ഥാനി താത്തുണ്ണി മൂപ്പിൽ നായർ ആണ്. ഭാര്യയുടെ പ്രേരണമൂലം താത്തുണ്ണി ഭൂമികൾ അന്യാധീനപ്പെടുത്താൻ ശ്രമിച്ചിരുന്നു. കുടുംബാംഗങ്ങൾ ഇദ്ദേഹത്തിനെതിരെ ഒറ്റപ്പാലം സബ് കോടതിയിൽ 1956ൽ ഒരു ഭാഗക്കേസ് കൊടുത്തു. ഈ കേസ് നിലനിൽക്കുകയാണ് താത്തുണ്ണി മൂപ്പിൽ നായർ 1960 ജനുവരി മൂന്നിന് അന്തരിച്ചത്. തുടർന്ന് മൂപ്പിൽ സ്ഥാനത്തെ മുതിർന്ന പുരുഷന്മാർ യോഗം ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ചു. സ്ഥാനംവക സ്വത്തുക്കൾ ഭരിക്കുവാൻ മഞ്ചേരിയിലെ അഡ്വ. തിരുമുൽപ്പാടിന് മാനേജരായി നിശ്ചയിച്ചു.

തുടർന്ന് കോടതിയിൽ നിരവധി കേസുകളുണ്ടായി. എല്ലാ കേസുകളിലും മൂപ്പിൽ സ്ഥാനത്തിന് അനുകൂല വിധിയാണ് ഉണ്ടായത്. നിലവിൽ മൂപ്പിൽ സ്ഥാനത്തിന് അട്ടപ്പാടിയിൽ 2,000 ഏക്കർ ഭൂമിയുടെ അവകാശമുണ്ടെന്നാണ് അർജുൻ സോമനാഥനും അവകാശപ്പെടുന്നത്. അതിൽ 575 ഏക്കർ ഭൂമി മാത്രമാണ് വിൽപന നടത്തിയത്. ബാക്കി ഭൂമിക്ക് മേലും അവകാശമുള്ളതിനാൽ വിൽക്കാനാണ് തീരുമാനമെന്നും അർജുൻ സോമനാഥൻ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.

കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലാണ് മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്തിന് ഭൂമിയുള്ളത്. ആദിവാസി ഭൂമിയോ വനഭൂമിയോ മൂപ്പിൽ നായരുടെ കുടുംബം കൈയേറിയിട്ടില്ല. അതിനാൽ ഭൂമി വിൽക്കുന്നതിൽ ആർക്കും പരാതിയില്ല. കോടതി ഉത്തരവുള്ളതിനാലാണ് കോട്ടത്തറ വില്ലേജ് ഓഫിസർ 575 ഏക്കർ ഭൂമിക്ക് കൈവശ സാക്ഷ്യപത്രം നൽകിയത്. അഗളി സബ് രജിസ്ട്രാർ ആധാരം ചെയ്തത് കോടതി ഉത്തരവുള്ളതിനലാണ്. ഭൂപരിഷ്കരണം അട്ടിമറിച്ച് ഭൂമി വിൽപന നടത്തിയെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അർജുൻ സോമനാഥൻ പറഞ്ഞു.

Tags:    
News Summary - Mannarkkad Mooppil Thsthan has rights over 2000 acres of land in Attappady-K.M. Saseendran Unni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.