മണിയാർ പദ്ധതി: കെ.എസ്.ഇ.ബിയുടെ എതിർപ്പ് തള്ളി; കരാർ പുതുക്കാൻ മുഖ്യമന്ത്രിയുടെ പച്ചക്കൊടി

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ എതിർപ്പ് തള്ളി, മണിയാർ ജലവൈദ്യുതി പദ്ധതിയിൽ കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് കരാർ പുതുക്കിനൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പച്ചക്കൊടി. പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ രമേശ് ചെന്നിത്തല കൊണ്ടുവന്ന സബ്മിഷന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മറുപടി പറഞ്ഞശേഷമാണ് കാർബൊറാണ്ടം കമ്പനിയെ മുഖ്യമന്ത്രി പിന്തുണച്ചത്.

കാലാവധി പൂർത്തിയായശേഷം പദ്ധതി ഏറ്റെടുക്കാൻ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കരാർ നീട്ടുന്നത് കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടാക്കുമെന്നും കൃഷ്ണൻകുട്ടി മറുപടിയിൽ വ്യക്തമാക്കിയിരുന്നു. കരാർ 25 വർഷത്തേക്കുകൂടി നീട്ടാൻ കാര്‍ബൊറാണ്ടം സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും തുടര്‍നടപടികള്‍ വ്യവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകണമെന്ന് വ്യവസായ വകുപ്പ് അറിയിച്ചതായും മന്ത്രി പറഞ്ഞു. ധന, നിയമ, വ്യവസായ വകുപ്പുകളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരുകയാണെന്നും കെ.എസ്.ഇ.ബിക്ക് ദോഷകരമാകാത്തതും വ്യവസായിക അന്തരീക്ഷത്തിന് ഗുണകരമാകുന്നതുമായ തീരുമാനമെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും കൃഷ്ണൻകുട്ടി അറിയിച്ചു.

എന്നാൽ, ഇക്കാര്യത്തിൽ വ്യവസായ, വൈദ്യുതി വകുപ്പുകൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി അവർക്ക് ഉൽപാദിപ്പിക്കാനുള്ള സൗകര്യത്തിന്‍റെ ഭാഗമായാണ് ക്യാപ്റ്റീവ് പദ്ധതി അനുവദിച്ചത്. അതിന്‍റെ ഭാഗമാണ് മണിയാർ. അവർ നല്ല നിലയിൽ ഇവിടെ നിൽക്കുന്നവരാണെന്ന് നമുക്ക് അറിയാമല്ലോ. അവരെ തുടർന്നും ഇവിടെ നിലനിർത്തണം. അത്തരം ക്യാപ്റ്റീവ് ജനറേഷൻ തുടർന്നുപോകണം എന്നുതന്നെയാണ് സർക്കാറിന്‍റെ പൊതുനയം. അതിൽ ഒരു തർക്കവും ഇല്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നമ്പർ വൺ സംസ്ഥാനമായി മാറിയ നാടാണ് കേരളം. നേരത്തേയുള്ള സൗകര്യംപോലും നിഷേധിക്കുന്ന വിധത്തിലേക്ക് പോകാൻ കഴിയില്ല. അവർക്ക് വേണ്ട വൈദ്യുതി അവർ ഉൽപാദിപ്പിക്കുന്നു.

മിച്ചമുണ്ടെങ്കിൽ കെ.എസ്.ഇ.ബിക്ക് നൽകണമെന്ന ഭാഗമുണ്ട്. അതെല്ലാം ചർച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. ക്യാപ്റ്റീവ് ജനറേഷൻ എന്ന തത്ത്വം പൊതുവെ അംഗീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഏറ്റെടുക്കുന്നതിൽ വ്യവസായ, വൈദ്യുതി മന്ത്രിമാർക്ക് രണ്ടു നിലപാടെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കാർബൊറാണ്ടം കമ്പനിക്ക് കരാർ നീട്ടി നൽകുന്നത് 12ഓളം ബി.ഒ.ടി പദ്ധതികളെ ബാധിക്കും. വിഴിഞ്ഞം കരാറിൽ വരെ ഈ തീരുമാനം സ്വാധീനം ചെലുത്തും. കരാർ നീട്ടൽ തെറ്റായ നയമാണ്. മുന്നൂറോളം കോടിയാണ് കാർബൊറാണ്ടം കമ്പനിയുടെ ലാഭം. എന്തിനാണ് വഴിവിട്ട സഹായം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Maniyar Project: KSEB's objection rejected; Chief Minister's green signal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.