കോഴിക്കോട്: പുനർജനി വിവാദത്തിൽ ഒന്നും ഒളിക്കാനില്ലെന്ന് മണപ്പാട് ഫൗണ്ടേഷൻ സി.ഇ.ഒ അമീർ അഹമ്മദ്. വിജിലൻസ് തന്നെ രണ്ടുതവണ ചോദ്യം ചെയ്ത് വിട്ടയച്ചതാണെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അമീർ അഹമ്മദ് പറഞ്ഞു. മണപ്പാട് ഫൗണ്ടേഷനെതിരെയും സി.ബി.ഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ നൽകിയ പശ്ചാത്തലത്തിലായിരുന്നു അമീർ അഹമ്മദിന്റെ പ്രതികരണം.
1993 മുതൽ രജിസ്ട്രേഡ് ആയ ഒരു എൻ.ജി.ഒ ആണ് മണപ്പാട് ഫൗണ്ടേഷൻ. ഞങ്ങൾക്ക് എഫ്.സി.ആർ.എ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എല്ലാ വർഷവും ഞങ്ങൾ അതിന്റെ റിട്ടേൺസ് ഫയൽ ചെയ്യാറുണ്ട്. വ്യക്തമായ കണക്കുകളുമുണ്ട്. ഞങ്ങളെപ്പോലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ആരെങ്കിലും വന്ന് നല്ലൊരു പ്രോജക്ട് ഏറ്റെടുക്കുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുന്ന സംഗതിയാണ് ഇതിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാൻ എനിക്ക് താൽപര്യമില്ല.
സാമൂഹ്യ സേവനത്തിനിറങ്ങുന്ന ആൾക്കാരെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് ഇതു കൊണ്ടുപോകുന്നുണ്ട്. 2023ൽ കേന്ദ്രസര്‍ക്കാരിന്‍റെ ആഭ്യന്തര മന്ത്രാലയം ഞങ്ങളുടെ എഫ്.സി.ആർ.എ പുതുക്കിയിട്ടുണ്ട്. എന്തെങ്കിലും അപാകതകളുണ്ടായിരുന്നെങ്കിൽ അത് പുതുക്കുമായിരുന്നോയെന്നും അമീർ അഹ്മദ് ചോദിച്ചു. ഒരുപാട് എഫ്.സി.ആർ.എ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന കാലത്താണ് ഞങ്ങൾക്ക് പുതുക്കി കിട്ടിയത്. കാരണം ഞങ്ങൾ സുതാര്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ സ്വന്തം കൈയിൽ നിന്നു പോലും പണം കൊടുത്ത് ഞങ്ങൾ പല സംഗതികളും ചെയ്തിട്ടുണ്ടെന്നും അമീര്‍ അഹമ്മദ് പറഞ്ഞു.
പുനർജനി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്നാലെയാണ് മണപ്പാട് ഫൗണ്ടേഷനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ നൽകിയത്. മണപ്പാട് സി.ഇ.ഒ അമീർ അഹമ്മദിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും സംശായസ്പദമായ ഇടപാടുകൾ എൻജിഒയുടെ അക്കൗണ്ടിൽ നടന്നുവെന്നുമാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. എഫ്.സി.ആർ.എ നിയമപ്രകാരം സി.ബി.ഐ അന്വേഷണം വേണമെന്നാണ് ശിപാർശ.
പുനര്‍ജനി പദ്ധതിയുടെ പ്രധാന പങ്കാളികളില്‍ ഒന്നാണ് മണപ്പാട് ഫൗണ്ടേഷൻ. മണപ്പാട്ട് ഫൗണ്ടേഷന്‍ സി.ഇ.ഒ അമീര്‍ അഹമ്മദിനെതിരെയാണ് സി.ബി.ഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. പുനര്‍ജനിക്ക് വേണ്ടി പിരിച്ച പണത്തിന് രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് ആരോപണം.
ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ഫൗണ്ടേഷന്റെ രേഖകളിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ പണം എത്തിയത് വി.ഡി സതീശന്റെ അഭ്യര്‍ത്ഥനപ്രകാരമാണെന്നും വിജിലന്‍സ് പറയുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വി.ഡി സതീശനെതിരെയും സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.