ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചനയിലൂടെ തട്ടിപ്പ്​ നടത്തിയ യുവാവ്​ പിടിയിൽ

പത്തനംതിട്ട: ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി, അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരില്‍ മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. രണ്ടര ലക്ഷം രൂപ നഷ്ടമായ കുലശേഖരപതി സ്വദേശിനി നല്‍കിയ പരാതിയിലാണ് ഷാഫി പിടിയിലായത്.
ഡോ. സതീഷ് രാഘവൻ എന്ന പേരിൽ ഡോക്​ടർ ചമഞ്ഞ ഇയാൾ മൂപ്പതോളം സ്​ത്രീകളിൽ നിന്നാണ്​ ഇത്രയും തുക തട്ട​ിയെടുത്തത്​.

നാലുമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ ഷാഫിയെ തന്ത്രപൂര്‍വം  വിളിച്ചു വരുത്തിയാണ് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍, സി.ഐ. എ.എസ്. സുരേഷ്കുമാര്‍, എസ്.ഐ. പുഷ്പകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തട്ടിപ്പു നടത്തിയ പണം കൊണ്ട് ആഡംബര ജീവിതം നയിച്ചിരുന്ന ഇയാള്‍  പിടിയിലാകുമ്പോള്‍ കൈവശം മൂന്നര ലക്ഷം ലക്ഷം രൂപ, 1006 ദിര്‍ഹം, ആപ്പിളിന്‍േറതടക്കം നാലു മൊബൈല്‍ ഫോണുകള്‍, വിവിധ കമ്പനിയുടെ 17 സിം കാര്‍ഡുകള്‍, ക്യാമറ, വിവിധ ആശുപത്രികളുടെ ഓഫറിങ് ലെറ്ററുകള്‍, സീലുകള്‍, വിലകൂടിയ രണ്ടു വാച്ച്, സുഗന്ധദ്രവ്യങ്ങള്‍, വിലയേറിയ തുണിത്തരങ്ങള്‍, രണ്ടു പവന്‍ സ്വര്‍ണാഭരണം എന്നിവയുണ്ടായിരുന്നു.

 ഇയാള്‍ എല്ലാ നീക്കങ്ങളും നടത്തിയത് വ്യാജപ്പേരിലായിരുന്നുവെന്നും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അടക്കം വ്യാജമായി നിര്‍മിച്ചുവെന്നും ഡിവൈ.എസ്.പി പറഞ്ഞു. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ കാര്‍ഡിയാക് ട്രാന്‍സ്പ്ളാന്‍റ് സര്‍ജന്‍ ആണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. ഡോ. സതീഷ് മേനോന്‍ എന്ന പ്രൊഫൈലുണ്ടാക്കി വിവാഹ സൈറ്റില്‍ കയറി പെയ്ഡ് രജിസ്ട്രേഷന്‍ നടത്തിയായിരുന്നു തട്ടിപ്പ്. ബി.എസ്.സി നഴ്സിങ് കഴിഞ്ഞ യുവതികളാണ്​ ഇരകളാ​ക്കപ്പെട്ടത്​.

 ഇങ്ങനെ പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും ഇവരുടെ ചിത്രങ്ങള്‍ ഫോള്‍ഡര്‍ ആക്കി കമ്പ്യൂട്ടറില്‍ സൂക്ഷിക്കുകയും ചെയ്യും. നഴ്സിങ് സംബന്ധമായ എല്ലാ സംശയങ്ങളും ഇയാള്‍ ദൂരീകരിച്ച് നല്‍കും. കെണിയില്‍ വീണവരെ ബംഗളൂരുവിലെ ആഡംബര ഹോട്ടലിലേക്കാകും കൂട്ടിക്കൊണ്ടു പോവുക. സ്ഥിരം ഫ്ലൈറ്റിൽ യാത്ര ചെയ്യുകയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്. പെണ്‍കുട്ടികളില്‍ നിന്ന് തട്ടിയെടുക്കുന്ന പണമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. സ്വന്തം അക്കൗണ്ടിലേക്ക് ഒരിക്കലും ഇയാള്‍ തട്ടിപ്പു നടത്തിയ പണം ഇട്ടിരുന്നില്ല. പരിചയപ്പെടുന്ന പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ടും എ.ടി.എം കാര്‍ഡും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡും എടുക്കും. ഇതെല്ലാം ഷാഫിയാണ് ഉപയോഗിക്കുന്നത്.  

എട്ടാം ക്ളാസില്‍ തോറ്റ് പഠിപ്പു നിര്‍ത്തിയ ഇയാൾ പിന്നീട് സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ ജോലി ചെയ്തു വരികയായിരുന്നു. ശേഷം കോട്ടയത്ത് വന്ന് നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചു.  ആറു വര്‍ഷം മുമ്പ് ഇയാള്‍ ദുബായിലേക്ക് പോവുകയും. അവിടെ ഒരു ഇലക്ട്രോണിക്സ് കടയില്‍ ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് തുടങ്ങിയത്.

Tags:    
News Summary - man held in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.