കൊച്ചി: നടൻ സലീംകുമാറിന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സഹോദരാ നിന്റെ വിയോഗം തീരാത്ത സങ്കടമായെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സലീം ഇപ്പോൾ കരയിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.
‘ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്...........തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം...’ -മമ്മൂട്ടി കുറിച്ചു. മൂന്ന് പതിറ്റാണ്ടോളം മലയാള വെള്ളിത്തിരയിൽ നിലക്കാത്ത ചിരിയുടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളുടെയും വിസ്മയം ഒരുക്കിയാണ് സലീം കുമാർ മടങ്ങുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച രാത്രി 10.45ഓടെയാണ് മരണം.
1969 ഒക്ടോബർ ഒമ്പതിന് എറണാകുളം വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയത്.
കൊച്ചിൻ കലാഭവനിലാണ് മിമിക്രി ജീവിതം ആരംഭിച്ചത്. പിന്നീട് ‘കൊച്ചിൻ സാഗറി’ൽ ചേർന്നു. നാടക സംഘങ്ങളുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ‘കോമിക്കോള’ ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. 1996ൽ സിദ്ദീഖ് ഷമീർ സംവിധാനം ചെയ്ത ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ ചിത്രം. ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. 2005ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ഇതിലൂടെ അദ്ദേഹത്തെ തേടിയെത്തി. സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും സംസ്ഥാന പുരസ്കാരവും ലഭിച്ചു.
2012ൽ മികച്ച ഹാസ്യനടനും (അയാളും ഞാനും തമ്മിൽ) 2016ൽ മികച്ച കഥക്കുമുള്ള (കറുത്ത ജൂതൻ) സംസ്ഥാന പുരസ്‌കാരവും നേടി. സംസ്ഥാന ടെലിവിഷൻ അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, സത്യൻ അവാർഡ്, പ്രേംനസീർ അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതര ഭാഷകളിലും അഭിനയിച്ചു. കമ്പാർട്ട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാർ ആകണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ലിവർ സീറോസിസ് രോഗത്തെ തുടർന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.