കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് വ്യാജ വിസയും വർക്പെർമിറ്റും നൽകി തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിൽ.യു.എ.ഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വ്യാജ ഓഫർ ലെറ്റർ, വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് എന്നിവ നൽകി 1,22,600 രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം അഴകൻകണ്ടത്തിൽ അയ്യൂബിനെയാണ് (58) കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കഴിഞ്ഞ ദിവസംഅറസ്റ്റു ചെയ്തത്.
പാലക്കാട് സ്വദേശിയായ പരാതിക്കാരനുമായി 2026 മേയ് മുതൽ ജൂലൈവരെ വാട്സ്ആപ് മുഖേന ബന്ധപ്പെട്ട് യു.എ.ഇയിൽ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
തുടർന്ന്, സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ ഓഫർ ലെറ്റർ, യു.എ.ഇ സർക്കാർ നൽകിയതെന്ന വ്യാജേന വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് എന്നിവ വാട്സ്ആപ് വഴി അയച്ചുനൽകി.
വിസക്കും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചെലവുകളെന്ന പേരിൽ പല ഇടപാടുകളിലായി 1,22,600 രൂപ പരാതിക്കാരനിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു.
വാട്സ്ആപ് പ്രൊഫൈലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജചിത്രം ഉപയോഗിച്ചിരുന്നു. ശാസ്ത്രീയാന്വേഷണത്തിലൂടെ ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാടുകളും വിശകലനം ചെയ്ത് പ്രതിയെ തിരിച്ചറിയുകയും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലക്കാട് ജില്ലയിൽ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു. പരാതിക്കാരനിൽനിന്ന് ലഭിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ച് ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
സമാനമായ കേസ് പ്രതിക്കെതിരെ നേരത്തെയുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇതേരീതിയിൽ നടന്ന തട്ടിപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.