തിരുവനന്തപുരം: വന്യജീവി ആവാസകേന്ദ്രങ്ങളിലും മർമപ്രദേശങ്ങളിലും വനംവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ വ്യാപക ജിയോടാഗിങ് നടത്തുന്നുവെന്ന് ആരോപണം.ജനങ്ങൾക്ക് പ്രവേശനവിലക്കുള്ള 250ഓളം അതിപ്രാധാന്യമുളള വനപ്രദേശങ്ങളിലാണ് ജിയോടാഗിങ് നടത്തുന്നത്. ഇതെല്ലാം ഗൂഗിൾ പ്ലാറ്റ്ഫോമിൽ നിയമവിരുദ്ധമായി ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയുണ്ട്. വനത്തിനുള്ളിലെ വെള്ളച്ചാട്ടങ്ങൾ, പുൽമേടുകൾ, താഴ്വരകൾ വന്യജീവി സാന്നിധ്യമുള്ള പ്രദേശങ്ങൾ ഇവയാണ് ജിയോടാഗ് ചെയ്യപ്പെടുന്നത്.വനങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ കടന്നുകയറുന്ന വ്ലോഗർമാർ, വന്യജീവി ഫോട്ടോഗ്രാഫർമാർ, ടൂറിസ്റ്റുകൾ, ബേർഡ് വാച്ചർമാർ തുടങ്ങിയവരാണ് പിന്നിലെന്നാണ് ആക്ഷേപം. നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ പ്രൻസിപ്പൽ ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ തുടങ്ങിയവർക്ക് പരാതി നൽകി.
കോഴിക്കോട് ഡിവിഷനിലെ കുറ്റ്യാടി വനത്തിൽ അനധികൃതമായി കയറിയ ചെറുപ്പക്കാരുടെ സംഘം വഴിതെറ്റി കാട്ടിൽ അകപ്പെടുകയും അവർക്കെതിരെ ഡി.എഫ്.ഒ കേസെടുക്കുകയും ചെയ്തത് അടുത്തിടെയാണ്.
നിലമ്പൂർ നോർത് ഡിവിഷനിൽ അതിക്രമിച്ചുകയറിയ വ്ലോഗറുടെപേരിലും ഡി.എഫ്.ഒ കേസെടുത്തിട്ടുണ്ട്. അതേസമയം, നെല്ലിയാമ്പതി തുടങ്ങിയ പ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പ്രമോട്ട് ചെയ്യുന്നതും വിചിത്രമാണ്.
വയനാട്ടിലെ വന്യജീവി കേന്ദ്രം അടക്കമുള്ള ഫോറസ്റ്റ് ഡിവിഷനുകളിലും ഇത്തരം കടന്നുകയറ്റക്കാർ ആധിപത്യ മുറപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട് വനം ഡിവിഷനിലെ 25ഓളം ജിയോടാഗിങിനെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ഡി.എഫ്.ഒ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.