ഡി. രാജ

നീറ്റ് റദ്ദാക്കണം, വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന് കീഴിലാക്കണം -ഡി. രാജ

നെടുമ്പാശ്ശേരി: കേന്ദ്രസർക്കാർ രാജ്യത്തെ വിദ്യാർഥികളോടും യുവജനങ്ങളോടും മാപ്പ് പറയണമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന് കീഴിൽ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.കെ.വി ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിൽ എത്തിയ ഡി. രാജ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ‘ഡൽഹി പൊലീസിന്റെ ഭരണം കേന്ദ്രസർക്കാരിന് കീഴിലാണ്. വളരെ ക്രൂരമായിട്ടാണ് സമരം ചെയ്തവരോട് പൊലീസ് പെരുമാറിയത്. പെല്ലറ്റ് ഗണ്ണും ഡിയർ ഗ്യാസും ഉൾപ്പെടെ വിദ്യാർഥികൾക്കുമേൽ ഡൽഹി പൊലീസ് പ്രയോഗിച്ചു. കേന്ദ്രസർക്കാർ നേരിട്ട് നിയന്ത്രിക്കുന്നതിനാൽ ഡൽഹി പൊലീസിന്റെ ഈ നടപടികൾക്ക് കേന്ദ്രസർക്കാർ മാപ്പു പറയണം.

യുവജനങ്ങളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ നടന്ന സമരമാണ് ഡൽഹിയിൽ നടന്നത്. ഇടതുപക്ഷ വിദ്യാർഥികളും യുവജനങ്ങളും ഈ സമരത്തിൽ പങ്കെടുത്തു. എഐഎസ്എഫ്, എസ്എഫ്ഐ, ഐസ തുടങ്ങി എല്ലാ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും സമരത്തിനൊപ്പം ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നും എല്ലാ എതിർപ്പുകളും ഉണ്ടായിട്ടും ഈ സമരം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു. ധർമ്മേന്ദ്ര പ്രധാന്റെ രാജി വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും വിജയമാണ്.

കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തിന് വേണ്ടി 10ശതമാനം പോലും ഫണ്ട് നീക്കി വെക്കുന്നില്ല. ചുരുങ്ങിയത് 10% ഫണ്ട് വിദ്യാഭ്യാസത്തിന് വേണ്ടി കേന്ദ്രസർക്കാർ നീക്കി വെക്കണം. യാതൊരു വേർതിരിവും ഇല്ലാതെ എല്ലാവർക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. കേന്ദ്രസർക്കാരിന്റെ നയത്തിൽ മതപരമായ വേർതിരിവ് പ്രകടമായിരുന്നു. എന്നാൽ ഇതെല്ലാം ഇല്ലാതാക്കി കൊണ്ടാണ് വിദ്യാർഥികൾ സമരം ചെയ്തത്. ബിജെപി നിലപാടുകൾ ഭരണഘടനയെ ഇല്ലാതാക്കുന്ന രീതിയിലാണ്. വിദ്യാർഥികൾ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം ചെയ്തത്. സർക്കാർ തുടർന്ന് സ്വീകരിക്കുന്ന നിലപാടുകളാണ് ഇനി പ്രധാനം’ -അദ്ദേഹം പറഞ്ഞു.

പി.കെ.വി.യുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്തെത്തിയ ഡി. രാജയ്ക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുണിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ഊഷ്മള സ്വീകരണം നൽകി. സംസ്ഥാന കൗൺസിൽ അംഗം ശാരദ മോഹൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. മുകേഷ്, മണ്ഡലം സെക്രട്ടറിമാരായ വി സെയ്തു മുഹമ്മദ്, ജോസഫ് ചിറയത്ത്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഏല്യാസ്, സെക്രട്ടറിയേറ്റ് അംഗം ഷിഹാബ് പറേലി, ലോക്കൽ സെക്രട്ടറി ഗോപകുമാർ, മണ്ഡലം കമ്മിറ്റി അംഗം അഡ്വ. പി. ജെ. ഏലിയാസ്, ജോയ് പനപറമ്പി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജെപി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

Tags:    
News Summary - 'Scrap NEET, bring education under state government' - D. Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.