കൊല്ലം: പിണറായി സർക്കാറിന്റെ കാലത്ത് സമുദായത്തിന് പ്രത്യേകിച്ചൊന്നും തന്നിട്ടില്ലെന്നും താൻ ഒന്നും ചോദിച്ചിട്ടില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിനോ ട്രസ്റ്റിനോ അനാവശ്യമായി കൂടുതൽ തസ്തികകൾ അനുവദിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സത്യവിരുദ്ധമാണ്.
തങ്ങൾ സർക്കാരിൽനിന്ന് അനാവശ്യമായ ആനുകൂല്യങ്ങളോ സഹായങ്ങളോ കൈപ്പറ്റിയിട്ടില്ല; നിയമപരമായും നീതിപൂർവവുമാണ് എല്ലാ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നത്. പത്മഭൂഷൺ നേട്ടത്തിൽ എസ്.എൻ ട്രസ്റ്റും ജില്ലയിലെ എസ്.എൻ.ഡി.പി യൂനിയനുകളും നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
പത്മഭൂഷൺ ലഭിച്ചപ്പോൾ അതിനെതിരെ കേസിന് പോയവരും പ്രസിഡന്റിന് കത്തെഴുതിയവരുമുണ്ട്. പത്മഭൂഷൺ ലഭിച്ചത് തനിക്കല്ല, സമുദായത്തിനാണ്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് ഉയർത്തിക്കൊണ്ടുവരാൻ എല്ലാവരും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ചില മാധ്യമങ്ങൾ സമുദായത്തെയും സംഘടനയെയും മോശമായി ചിത്രീകരിക്കാനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കമീഷനെ നിയമിക്കണം. ഇതിനായി മൂന്നാം നിവർത്തന പ്രക്ഷോഭം നടത്തേണ്ടിവന്നാൽ അതിനും തയാറാകണം. മതമാണ്, മതമാണ് പ്രശ്നം എന്ന് പലരും പറയുമ്പോൾ അത് നീതിയാണ്. താൻ പറയുമ്പോൾ മാത്രമാണ് പ്രശ്നം. മറ്റുള്ളവർ ജാതി പറയുന്നതുവരെ താനും പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.