ശബരിമല

ശബരിമലയിൽ മല്യ സ്വർണം പൊതിഞ്ഞുനൽകിയത് ആറിടങ്ങളിൽ

പത്തനംതിട്ട: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പ് 1999ൽ സ്വർണം പൊതിഞ്ഞ് നൽകിയത് ശബരിമല ശ്രീകോവിലിന്‍റെ മേൽക്കൂരയടക്കം ആറ് ഇടങ്ങളിൽ. ശ്രീകോവിലിന്റെ ഭിത്തി, ഭണ്ഡാരം, ശ്രീകോവിലിന്റെ മുകളിലുള്ള മൂന്ന് താഴികക്കുടങ്ങൾ, കന്നിമൂല ഗണപതി, നാഗരാജാവ് എന്നിവയുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിലാണ് സ്വർണം പതിപ്പിച്ചത്.

ചെന്നൈയിലെ ജെ.എൻ.ആർ ജൂവലറി ഗ്രൂപ്പ് ഉടമ ജെ. നാഗരാജന്റെ നേതൃത്വത്തിലുള്ള 42 അംഗസംഘം സന്നിധാനത്ത് താമസിച്ചാണ് ജോലികൾ ചെയ്തത്. 1998 ൽ ആരംഭിച്ച ജോലികൾ എട്ടുമാസത്തോളം നീണ്ടു. കല്ലിലുള്ള ദ്വാരപാലക ശിൽപങ്ങളിൽ ആദ്യം ചെമ്പുപാളി അതേ മാതൃകയിൽ ഉറപ്പിച്ചശേഷമായിരുന്നു സ്വർണം പൊതിഞ്ഞത്. മൊത്തം 30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഇഉപയോഗിച്ചുവെന്നായിരുന്നു അന്നത്തെ കണക്ക്. ചെമ്പുപാളികളിൽ മെർക്കുറി പുരട്ടി അതിനുമുകളിൽ സ്വർണത്തിന്റെ നേർത്ത പാളികൾ ഓരോന്നായി ചൂടാക്കി പിടിപ്പിക്കുകയായിരുന്നു. കടലാസ് കനത്തിലായിരുന്നു സ്വർണപാളികൾ.

ദ്വാരപാലക ശിൽപങ്ങളുടെ താങ്ങുപീഠവും അന്ന് സ്വർണംപൂശി. ജോലികൾ പൂർത്തിയാക്കി ദ്വാരപാലക ശിൽപങ്ങൾ1999 മേയ് നാലിന് ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചു. ശ്രീകോവിലിന്‍റെ ഇരുവശങ്ങളിലുമായുള്ള ദ്വാരപാലക ശിൽപങ്ങളിൽ അന്ന് 800ഗ്രാം സ്വർണം ഉപയോഗിച്ചുവെന്നാണ് ദേവസ്വം വിജിലൻസിന് ലഭിച്ച വിവരം. 400ഗ്രാം വീതം ഓരൊന്നിനും പൂശിയെന്നാണ് അന്ന് തൊഴിലാളി സംഘത്തിലുണ്ടായിരുന്ന മാന്നാർ സ്വദേശി വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത്.

പിന്നീട് 2019ൽ ദ്വാരപാലക ശിൽപത്തിന്റെ നിറം മങ്ങിയപ്പോൾ സ്വർണം പൂശി നൽകാൻ ദേവസ്വം ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി നൽകി. എന്നാൽ, അന്നത്തെ ദേവസ്വം രേഖകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് വിവാദത്തിലേക്ക് നയിച്ചത്. സ്വർണം പൊതിഞ്ഞ പാളികൾ അഴിച്ചപ്പോൾ രേഖകളിൽ കൃത്രിമം കാണിച്ചെന്നും യഥാർഥ പാളികൾ പുറത്തെത്തിച്ച് അവയുടെ പകർപ്പ് ചെമ്പിൽ പുതുതായി ഉണ്ടാക്കിയെന്നതുമടക്കം ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. എ.പത്മകുമാർ പ്രസിഡന്റും കെ.പി.ശങ്കരദാസ്, എ.രാഘവൻ എന്നിവർ അംഗങ്ങളുമായ ബോർഡാണ് 2019ൽ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശാൻ അനുമതി നൽകിയത്. 14 പാളികളാണ് പോറ്റിക്ക് കൈമാറിയത്.

എന്നാൽ, 39 ദിവസത്തിനു ശേഷമാണ് ഈ പാളികൾ സ്വർണം പൂശി നൽകിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനെന്ന സ്ഥാപനത്തിലെത്തിച്ചത്. സ്വർണപ്പണികൾ സന്നിധാനത്തുതന്നെ നടത്തണമെന്ന ദേവസ്വം നിയമങ്ങൾ ലംഘിച്ചായിരുന്നു സ്പോൺസറുടെ കൈയിൽ നൽകിയത്. ഇത് ഇയാൾ ബംഗളൂരു, ഹൈദരാബാദ് അടക്കം വിവിധ സ്ഥലങ്ങളിൽ എത്തിച്ചെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാട് അവസാനിപ്പിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് ദേവസ്വം ബോര്‍ഡ്. പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം വേണ്ടെന്നുവെച്ചു. ഇനി സ്വന്തംനിലയില്‍ നേരിട്ട് ഇടപാട് നടത്തും. 2019ല്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് വാറന്റി എഴുതിയത്. 40 വര്‍ഷത്തേക്കായിരുന്നു വാറന്റി. തട്ടിപ്പ് പുറത്ത് വന്നതോടെയാണ് ഇത് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഇതുവഴി 18 ലക്ഷം രൂപ ബോര്‍ഡിന് നഷ്ടം വരും.

സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: വിജയ് മല്യ ശ്രീകോവിൽ സ്വർണം പൂശിയതു മുതൽ സ്വർണത്തിന്റെ തൂക്കത്തിലുണ്ടായ കുറവിനെ കുറിച്ചും സ്പോൺസർ എന്നപേരിൽ ശബരിമലയെ ദുരുപയോഗം ചെയ്ത വ്യക്തികളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് ഹൈകോടതിയോട് ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഏത് അന്വേഷണമാണ് എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. മഹസർ പ്രകാരം ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികളുടെ ആകെ ഭാരം 38 കിലോഗ്രാമാണ്. 14 പാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ 397 ഗ്രാം സ്വർണമാണ്. കേടുപാടുകൾ ഇല്ലാത്ത രണ്ട് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയില്ല. ചെന്നൈയിലേക്ക് കൊണ്ടുപോയ 12 പാളികളുടെ ആകെ ഭാരം 22 കിലോഗ്രാമാണ്. അതിൽ 281 ഗ്രാം ആയിരുന്നു സ്വർണത്തിന്റെ ഭാരം. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ നടന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി 10 ഗ്രാം സ്വർണമാണ് പുതുതായി പൂശിയത്.

ഇപ്പോള്‍ 14 പാളികളായി 407 ഗ്രാം സ്വര്‍ണവുമാണുള്ളത്. അതു ലോക്കറില്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പരിപാവനതയെയും ബോർഡിനെയും ആക്രമിക്കുന്നത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് ദേവസ്വം ഉദ്യോഗസ്ഥർ തന്നത് ചെമ്പ് പാളികൾ തന്നെയാണെന്നാണ് അദ്ദേഹം ഉറപ്പിച്ചുപറയുന്നത്. ഇക്കാര്യം ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണപ്പാളി പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും ആരിൽനിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളി കൊണ്ടുപോയിട്ടില്ല.

ഫാക്ടറിയിൽ തന്നെയാണ് പൂജ നടത്തിയത്. മുഖ്യമന്ത്രിയുമായി ഫോട്ടോ എടുത്തെന്ന് വെച്ച് ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. പ്രമുഖർക്കൊപ്പമുള്ള ഫോട്ടോ താൻ ദുരുപയോഗം ചെയ്തിട്ടില്ല. കോടതിയിലും നിയമത്തിലും വിശ്വാസമുണ്ട്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്. കാണാതായെന്ന് പറഞ്ഞത് താനല്ല, സുഹൃത്ത് വാസുദേവനാണ്. വാസുദേവന്‍ തന്നെയാണ് പീഠം കൈയിലുള്ള വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇപ്പോൾ അദ്ദേഹം പൂര്‍ണ ഉത്തരവാദിത്തം തന്നില്‍ നിക്ഷിപ്തമാക്കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

Tags:    
News Summary - Mallya offered gold wrapped gifts in six places in Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.