അട്ടപ്പാടിയിൽ മലയാറ്റൂർ പള്ളിവക 24 ഏക്കർ ഭൂമി കൈയേറിയോ? ഒരേ ഭൂമിക്ക് പലരും നികുതി അടച്ചത് എങ്ങനെ?

തൃശൂർ: അട്ടപ്പാടിയിൽ മലയാറ്റൂർ പള്ളിവക സ്ഥലവും കൈയേറിയോ? ഈ ചോദ്യം കേരളത്തോട് ചോദിക്കുന്നത് അഗളി വില്ലേജ് ഓഫിസറാണ്. മുഖ്യമന്ത്രിയുടെ സി.എം.ഒ പോർട്ടലിലേക്കും ഒറ്റപ്പാലം സബ് കലക്ടർക്കും അട്ടപ്പാടി തഹസിൽദാർക്കും അന്വേഷണ റിപ്പോർട്ട് വില്ലേജ് ഓഫിസർ അയച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ വ്യാജ രേഖയുണ്ടാക്കി മാഫിയസംഘം ഭൂമി കൈയേറ്റം നടത്തുന്നതിന്‍റെ നേർചിത്രമാണ് വില്ലേജ് ഓഫിസർ ബർണാഡിറ്റ് മാനുവലിന്‍റെ റിപ്പോർട്ട്.

വില്ലേജ് ഓഫിസിലെ രേഖകൾ പ്രകാരം മലയാറ്റൂർ പള്ളി അധികൃതർ കഴിഞ്ഞ സാമ്പത്തിക വർഷം വരെ താൽക്കാലിക തണ്ടപ്പേരിൽ ഭൂനികുതി അടച്ചിരുന്നു. അവർ സ്ഥിര തണ്ടപ്പേരിന് അപേക്ഷയും നൽകിയിരുന്നു. എന്നാൽ റെലിസ് ( relis) ഓൺലൈൻ പോർട്ടലിൽ വസ്തു ബാക്കി ഇല്ലാത്തതിനാൽ സ്ഥിരം തണ്ടപ്പര് അനുവദിക്കാൻ കഴിഞ്ഞില്ല. റവന്യൂ ഉദ്യോഗസ്ഥർ എതിർകക്ഷികളുടെ ഭൂമിക്ക് 2024 സ്ഥിര തണ്ടപ്പേര് നൽകുകയും ചെയ്തു.

അട്ടപ്പാടി ട്രൈബൽ താലൂക്കിലെ അഗളി വില്ലേജിൽ 742/15 സർവേ നമ്പറിൽ മലയാറ്റൂർ ദേവാലയത്തിന്റെ അധീനതയിൽ 24 ഏക്കർ ഭൂമിയുണ്ടായിരുന്നു. പള്ളിവക ഭൂമിയിൽ അതിക്രമിച്ചു കൈയേറിയത് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫാദർ ജോസ് ഒഴലക്കാട്ട് (സെന്റ് തോമസ് ആർച്ചു ഡയോഷ്യൻ കുരിശുമുടി) ആണ് പരാതി നൽകിയത്. ഭൂമിയുടെ വില്ലേജ് രേഖകൾ ഉപയോഗിച്ചും സ്ഥല പരിശോധന നടത്തിയുമാണ് റിപ്പോർട്ട് തയാറാക്കിയത്.

അഗളി സബ് രജിസട്രാർ ഓഫിസിലെ നാല് ആധാരങ്ങൾ(76/2003,77/2003,78/2003,79/2003) പ്രകാരം അഗളി വില്ലേജ് സർവേ നമ്പർ 742 ൽ 24 ഏക്കർ(9.7096 )ഭൂമിയുണ്ട്. 76/2003 ആധാരത്തിൽ- 3.84 ഹെക്ടർ, 77/2003ൽ -2.5 ഏക്കർ, 78/2003ൽ-2.5 ഏക്കർ, 79/2003 ൽ- 3.8460 ഹെക്ടർ എന്നിങ്ങനെയാണ് പള്ളിക്കു ലഭിച്ച ഭൂമി.

മലയാറ്റൂർ ദേവാലയത്തിന്റെ പേരിൽ ലഭിച്ച 24 ഏക്കറിൽ

1. 9.48 ഏക്കർ ഭൂമിയുടെ മുൻ ആധാരം (600/1974) അഗളി ലാൻഡ് ടൈം ബ്യൂണലിൽ നിന്ന് ലഭിച്ച 1974ലെ പട്ടയം (77/2003)ആണ്.

2. 7 8/2003ലെ ആധാര പ്രകാരം ലഭിച്ച രണ്ടര ഏക്കർ സ്ഥലത്തിന്റെ മുൻ ആധാരം മണ്ണാർക്കാട് ഓഫിസിൽ 1973 രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

3. മറ്റൊരു രണ്ടര ഏക്കർ ഭൂമിയുടെ മുൻ ആധാരം 1975ൽ രജിസ്റ്റർ ചെയ്തതാണ്.

4. 79 /2003 നമ്പർ ആധാര പ്രകാരം ലഭിച്ച 9.48 ഏക്കർ ഭൂമി അഗളി ലാൻഡ്രൈബ്യൂണൽ നിന്നും 1976 ലഭിച്ച പട്ടയുമാണ് - ഇങ്ങനെ കൈമാറിക്കിട്ടിയിട്ടുള്ള ഭൂമിയിൽ 8.99 ഏക്കർ ഭൂമിയിൽ കെ.ടി. മാത്യു, ഷെറിൻ മാത്യു എന്നിവർ കൈയേറി എന്നാണ് പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവരുടെ പ്രമാണ രേഖകളും വില്ലേജ് ഓഫിസർ പരിശോധിച്ചു. സബ് രജിസ്റ്റർ ഓഫിസിൽ രജിസ്റ്റർ ചെയ്ത 2023ലെ തീറാധാര പ്രകാരവും 2023ലെ അവകാശ ഒഴുമുറി ആധാര പ്രകാരവും അഗളി വില്ലേജ് സർവേ നമ്പർ 742 ൽ ഉൾപ്പെട്ട ഭൂമിയിൽ ഒമ്പത് ഏക്കർ കെ.ടി.മാത്യുവിന്റെയും ഷെറിൻ മാത്യുവിന്‍റെയും പേരിൽ രേഖപ്പെടുത്തിയിരിക്കുന്നു. ടി.എൻ. വിൻസന്റ്, ജോൺസൺ, ഷെല്ലി ഫ്രാൻസിസ്, സ്റ്റെഫി ഫ്രാൻസിസ്, നിക്സൺ ഫ്രാൻസിസ്, ക്ലീറ്റസ്, ഹാപ്പി സെബാസ്റ്റ്യൻ, അനീഷ് ടോം തുടങ്ങി 11 പേർ ചേർന്നാണ് ഭൂമി കൈമാറ്റം ചെയ്തത്.

സബ് രജിസ്ട്രാർ ഓഫിസിലെ 1999ലെ ആധാരപ്രകാരം മുഹമ്മദ് മൂസയുടെ പേരിൽ അഗളി വില്ലേജിൽ 742 സർവേ നമ്പറിൽ 10 ഏക്കർ ഭൂമി ലഭിച്ചു. അത് 2014ൽ കൈമാറ്റം നടത്തി. (ആധാരം 60/2014). ക്ലീറ്റസ്, ഹാപ്പി സെബാസ്റ്റ്യൻ, യൂസഫ് സിദ്ധിഖ്, വിൻസെന്റ്, ജോൺസൻ, അജീഷ് ടോം, ഫ്രാൻസിസ് പോൾ, ഫസൽ പി.എം എന്നീ എട്ട് പേർക്കാണ് ഭൂമി കൈമാറിയത്. എട്ട് പേരിൽ ഫ്രാൻസിസ് പോൾ മരണപ്പെട്ടു. അദ്ദേഹത്തിന്റെ അവകാശികളായ ഭാര്യ ഷെല്ലി ഫ്രാൻസിസും മക്കളും, ഫസൽ പി.എം ഒഴികെയുള്ള ആറ് പേരും കൂടി ചേർന്ന് 2023ൽ ഒമ്പത് ഏക്കർ ഭൂമി കെ .ടി മാത്യു, ഷെറിൻ മാത്യു എന്നിവർക്ക് കൈമാറി. പിന്നീട് 2014 ലെ ആധാരത്തിലെ എട്ടാമനായ ഫസൽ പി.എം. അദ്ദേഹത്തിന്‍റെ അവകാശം കെ. ടി. മാത്യുവിന് എഴുതി നൽകി.

രേഖകൾ പ്രകാരം കെ.ടി മാത്യു, ഷെറിൻ മാത്യു എന്നിവരുടെ പേരിലുള്ള ഒമ്പത് ഏക്കർ ഭൂമിയുടെ മുൻ പ്രമാണം അഗളി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത് 1999ലെ ആധാരം ആണ്. ഈ ആധാരം എഴുതി നൽകിയിട്ടുള്ളത് വടകോട്ടത്തറയിലെ പൊന്നപ്പ കൗണ്ടർ ആണ്. എം.ആർ. രസീത് പ്രകാരം പാട്ടം കൊടുത്തിരുന്നുവെന്നും 1999 ൽ അഗളി വില്ലേജിൽ നികുതി അടച്ചുവെന്നും മാത്രമാണ് ഈ ആധാരത്തിൽ പറയുന്നത്.1999നു മുൻപ് ഈ ആധാരത്തിലുള്ള ഭൂമി എങ്ങനെ ആണ് കൈവശം വന്നതെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ രേഖകൾ ഒന്നും ഈ ആധാരത്തിൽ പരാമർശിച്ചില്ല.

കെ.ടി. മാത്യുവിനും ഷെറിൻ മാത്യവും 2014ൽ ആണ് എട്ട് ഏക്കർ ഭൂമി 11 പേർ കൈമാറിയത്. ഇത് 2023ലെ രണ്ട് ആധാരങ്ങൾ പ്രകാരം ( നമ്പർ-1218/2023, 1219/2023) പ്രകാരം ധ്രുവ സേതുമാധവ വാര്യരുടെ (വാര്യർ ഹോളിസ്റ്റിക് റിസോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്) സ്ഥാപനത്തിന് കൈമാറി. ഈ ഭൂമിക്ക് 201 ൽ ആധാരമുണ്ടായിട്ടും 2024 സാമ്പത്തിക വർഷം മാത്രമേ ഭൂനികുതി അടച്ചിട്ടുള്ളു. അതിനു ശേഷമാണ് അവസാനം ഭൂമി കൈമാറിയത്.

മലയാറ്റൂർ പള്ളി അധികൃതരാകട്ടെ കഴിഞ്ഞ സാമ്പത്തിക വർഷം വരെ താത്കാലിക തണ്ടപ്പേരിൽ ഭൂനികുതി അടച്ചിരുന്നു. ഇവർ സ്ഥിര തണ്ടപ്പേരിന് അപേക്ഷ നൽകി. അതേസമയം റെലിസ്( relis) ഓൺലൈൻ പോർട്ടലിൽ വസ്തു ബാക്കി ഇല്ലാത്തതിനാൽ സ്ഥിര തണ്ടപ്പേത് അനുവദിക്കാൻ കഴിഞ്ഞിട്ടില്ല . ഇവർക്ക് 2024 ൽ സ്ഥിരതണ്ടപ്പേരും ലഭിച്ചു.

പരാതി സ്ഥലം വില്ലേജ് ഓഫിസർ നേരിട്ട് പരിശോധിച്ചു. ഈ വസ്തുവിൽ ഇപ്പോഴുള്ള റോഡ്, കുഴൽ കിണർ എന്നിവ മുൻപ് ഇല്ലായിരുന്നുവെന്ന് പ്രദേശിക അന്വേഷണത്തിൽ വ്യക്തമായി. വസ്തുവിൽ സ്ഥാപിച്ചിരുന്ന മലയാറ്റൂർ പള്ളിവക ബോർഡും പഴയ വേലിയും പുതിയ കൈയേറ്റക്കാർ നശിപ്പിച്ചുവെന്നാണ് പള്ളി അധികൃതർ അറിയിച്ചത്. പ്രാദേശിക അന്വേഷണത്തിൽ ഈ വിവരങ്ങൾ ശരിയാണെന്നു ബോധ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

പരാതിസ്ഥലത്തിന്‍റെ തെക്കു കിഴക്കു പടിഞ്ഞാറു അതിർത്തികൾ വനഭൂമിയാണ്. അതിനാൽ പരാതിക്കാരുടെയും എതിർകക്ഷികളുടെയും യഥാർഥ കൈവശം, അതിർത്തി, കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ വിസ്തീർണെ എന്നിവ വനം വകുപ്പിന്‍റെ സാന്നിധ്യത്തിൽ താലൂക്ക് സർവെയറുടെ സഹായത്തോടെ സർവേ ചെയ്തു തീരുമാനിക്കമെന്നാണ് അഗളി വില്ലേജ് ഓഫിസർ സമർപ്പിച്ച റിപ്പോർട്ട്. 

Tags:    
News Summary - Malayattoor Church land encroached on 24 acres of land in Attappadi?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.