ലഖ്നോ: യു.പിയിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർ റിമാൻഡിൽ. ബജംറഗ്ദള്ളിന്റെ പരാതിയിലാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ല വകുപ്പുകൾ ചുമത്ത് അറസ്റ്റ് ചെയ്ത ആൽബിനെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
ജനുവരി 13നാണ് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. ഹിന്ദുക്കളെ മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൗരംഗ ഗ്രാമത്തിൽ നിന്നാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തതെന്ന് യു.പി പൊലീസ് അറിയിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ജനുവരി 13ന് നൗരംഗ ഗ്രാമത്തിലെ വീടിനുള്ളിൽവെച്ച് പ്രാർഥനയോഗം നടക്കുന്നതിനിടെ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും പിന്നാലെ പൊലീസിനെ വിവരമറിയിച്ച് മതപരിവർത്തനം ആരോപിക്കുകയുമായിരുന്നു. തുടർന്ന് ബജരംഗ്ദൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാസ്റ്റർ ഉൾപ്പടെ അവിടെയുണ്ടായിരുന്ന ആളുകളെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ പാസ്റ്ററെ ഒഴികെ മറ്റുള്ളവരെയെല്ലാം യു.പി പൊലീസ് വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, പ്രാർഥന യോഗത്തിൽ അലങ്കോലപ്പെടുത്തിയത് ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ പാസ്റ്ററുടെ കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ പരാതിയിൽ യു.പി പൊലീസ് നടപടിയെടുത്തിട്ടില്ല. തെളിവ് ലഭിക്കുകയാണെങ്കിൽ കേസെടുക്കാമെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.