മാലിന്യമുക്ത നവകേരളം നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നില്‍ മലപ്പുറം -മന്ത്രി

ഗുരുവായൂര്‍: മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നില്‍ മലപ്പുറമാണെന്ന് മന്ത്രി എം.ബി. രാജേഷ്. ഏറ്റവും പിന്നിലുള്ള 182 തദ്ദേശ സ്ഥാപനങ്ങളില്‍ 75 എണ്ണവും മലപ്പുറം ജില്ലയിലാണെന്ന് ഗുരുവായൂരില്‍ നടന്ന തദ്ദേശ ദിനാഘോഷത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.

കൊല്ലമാണ് പദ്ധതി നടത്തിപ്പിൽ ഏറ്റവും മുന്നിൽ. ആകെയുള്ള 1034 തദ്ദേശ സ്ഥാപനങ്ങളില്‍ 852 എണ്ണവും പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം- ഒമ്പത്, കൊല്ലം- രണ്ട്, പത്തനംതിട്ട- ആറ്, ആലപ്പുഴ- നാല്, കോട്ടയം- 14, ഇടുക്കി- 12, എറണാകുളം- 16, തൃശൂര്‍ -നാല്, പാലക്കാട് -13, മലപ്പുറം- 75, കോഴിക്കോട് -14, വയനാട് -മൂന്ന്, കണ്ണൂര്‍ -മൂന്ന്, കാസര്‍കോട് - ഏഴ് എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പിന്നിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം. ഇവര്‍ക്ക് മുന്നേറാന്‍ 40 ദിവസം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഏപ്രില്‍ ഒമ്പത് മുതല്‍ 13 വരെ മെഗാ ഇവന്റ് സംഘടിപ്പിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ 20 വരെ വാര്‍ഡുതല മാലിന്യമുക്ത പ്രഖ്യാപനം നടക്കും. മാര്‍ച്ച് 30ന് തദ്ദേശ തല പ്രഖ്യാപനം നടക്കും. 13 മാനദണ്ഡങ്ങള്‍ ആസ്പദമാക്കിയാണ് പ്രഖ്യാപനം. മേയിൽ കൊച്ചിയില്‍ വിദേശ പ്രതിനിധികളടക്കം പങ്കെടുക്കുന്ന അര്‍ബന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

10 സെന്റ് വരെ ഭൂമിയില്‍ 1291 ചതുരശ്ര അടിവരെയുള്ള വീടിന് പെര്‍മിറ്റ് നല്‍കാന്‍ ഭൂമി തരംമാറ്റേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കൃത്യമായി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് തടസ്സങ്ങള്‍ ഉന്നയിക്കുന്ന ഉദ്യോഗസ്ഥര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. ഇത്തരം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ അദാലത് സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പുതുതായി പ്രസിദ്ധീകരണമാരംഭിച്ച തദ്ദേശകം മാസികയുടെ പ്രകാശനം മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ നിര്‍വഹിച്ചു. 

Tags:    
News Summary - Malappuram poor performance in navakerala Waste Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.