മലപ്പുറം സൈബര്‍ ക്രൈം പൊലീസ് മണിമ്യൂൾ ഇടപാട് തടഞ്ഞു

മലപ്പുറം: സൈബര്‍ ക്രൈം പൊലീസ് ഇടപെട്ട് വൻ മണിമ്യൂൾ സാമ്പത്തിക ഇടപാട് തടഞ്ഞു. ബാങ്കിങ് നെറ്റ് വർക്കിൽനിന്ന് ലഭിച്ച സൂചന സന്ദേശത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം പൊലീസ് സംശയാസ്പദ ഇടപാട് തടഞ്ഞത്. മലപ്പുറത്തെ സ്വകാര്യ ബാങ്ക് ശാഖയിൽനിന്ന് ഒരേ ദിവസം തന്നെ ഒരാൾ രണ്ട് തവണകളിലായി വലിയ തുക പിന്‍വലിക്കാൻ ശ്രമിച്ചതായിട്ടാണ് ബാങ്കിങ് നെറ്റ് വർക്കിൽ നിന്ന് പൊലീസിന് സൂചന സന്ദേശം ലഭിച്ചത്. പണം പിൻവലിക്കാനായി എത്തിയ ആളോട് തുകയുടെ സ്രോതസ്സിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല. തുക പിൻവലിക്കുന്നതിനായി തന്റെ അക്കൗണ്ട് കമീഷൻ വ്യവസ്ഥയിൽ ഉപയോഗിക്കുന്നതായി ഇയാൾ വെളിപ്പെടുത്തി.

തട്ടിപ്പുകാർക്കായി ഈ വ്യക്തിയിൽനിന്നും പണം കൈപ്പറ്റുന്ന ആൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വലിയ സംഖ്യ വാടക അക്കൗണ്ടിലേക്ക് അയച്ച് കമീഷൻ നൽകിയാണ് അവരെക്കൊണ്ട് ഈ തുക പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ യു.കെ. ഷാജഹാൻ അറിയിച്ചു.

പണം അയച്ച അക്കൗണ്ടിന്റെ വിവരങ്ങൾ, പണം കൈപ്പറ്റാനായി എത്തി മുങ്ങിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പൊലീസ് അന്വേഷിച്ചു വരുന്നു. അനധികൃതമായി പരിചയമില്ലാത്ത വ്യക്തികൾക്ക് സ്വന്തം അക്കൗണ്ട് ഉപയോഗിക്കാൻ നൽകുന്നതും പണം പിൻവലിച്ച് കൊടുക്കുന്നതുമായ ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ നജുമുദ്ദീൻ മണ്ണിശ്ശേരി, എ.എസ്.ഐ അശോക് കുമാർ, സി.പി.ഒമാരായ പി.സി. വിഷ്ണുശങ്കർ, ജയപ്രകാശ് എന്നിവർ ഉണ്ടായിരുന്നു. 

എ​ന്താ​ണ് മ​ണി​മ്യൂ​ൾ അ​ക്കൗ​ണ്ട്​?

അ​ന​ധി​കൃ​ത പ​ണം വെ​ളു​പ്പി​ക്കാൻ മ​റ്റൊ​രാ​ളു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​യാ​ണ് മ​ണി​മ്യൂ​ൾ അ​ക്കൗ​ണ്ട് എ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ക്കൗ​ണ്ട് ഉ​ട​മ​ക്ക് ക​മീ​ഷ​ൻ ന​ൽ​കി​യാ​ണ് ത​ട്ടി​പ്പു​കാ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് പ​ണം കൈ​മാ​റ്റ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പി​ടി​ക്ക​പ്പെ​ട്ടാ​ൽ നി​യ​മ​ന​ട​പ​ടി​യും ക​ടു​ത്ത ശി​ക്ഷ​യും ല​ഭി​ക്കും.

Tags:    
News Summary - Malappuram Cyber ​​Crime Police foils Moneymule transaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.