പഞ്ചസാര വെട്ടിപ്പ്; ഏഴു സപ്ലൈകോ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഏഴു ജീവനക്കാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. ഭക്ഷ്യമന്ത്രി അനുപ് ജേക്കബിന്റെ നിർദേശപ്രകാരമാണ് നടപടി.

കീര്‍ത്തി നിർമല്‍ കമ്പനിക്കാണു പെരുമ്പാവൂര്‍ ഡിപ്പോയില്‍നിന്ന് സബ്‌സിഡിയിതര പഞ്ചസാര കൈമാറിയത്. ഡിപ്പോയിലെ മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സപ്ലൈകോ ഹെഡ് ഓഫിസിലെ ഡെപ്യൂട്ടി മാനേജര്‍ സജീവ് പോള്‍, അറക്കപ്പടി മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് അഞ്ജു വിജയന്‍, തുറവൂര്‍ മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് എ.എസ്.സന്ധ്യ, പാലിശ്ശേരി മാവേലി സ്റ്റോറിലെ എം.ആര്‍. ദിവ്യ, പോഞ്ഞാശ്ശേരി വില്പനശാലയിലെ എസ്. സൗമിനി, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ എ. ബേസില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാര്‍ഡ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനിക്ക് ആയിരം രൂപയുടെ 1000 കൂപ്പണുകള്‍ നല്‍കിയിരുന്നു. ഈ കൂപ്പണുകളുടെ മുഴുവന്‍ തുകയ്ക്കും സബ്‌സിഡിയിതര പഞ്ചസാര മാത്രം നല്‍കാനായി മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രന്‍ ഡിപ്പോയില്‍ നിന്ന് തുറവൂര്‍, പാലിശ്ശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശ്ശേരി, അറക്കപ്പടി സപ്ലൈകോ വില്പനശാലകളിലേക്ക് പഞ്ചസാര നൽകി ഈ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പഞ്ചസാര ബില്ലടിച്ചു. എന്നാല്‍ ബില്ലടിക്കാൻ ആവശ്യമായ പഞ്ചസാര ഔട്ട്‌ലെറ്റുകളിലേക്ക് കൈമാറിയതായി രേഖകളില്‍ മാത്രമാണ് കാണിച്ചത്. യഥാർഥ സ്റ്റോക്ക് ഡിപ്പോയില്‍ സൂക്ഷിച്ചതായും സപ്ലൈകോ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വിപണിയില്‍ പഞ്ചസാര വിലയില്‍ വലിയ വ്യത്യാസമുള്ള സമയത്ത് സ്വകാര്യ കമ്പനിക്ക് വന്‍തോതില്‍ പഞ്ചസാര വില്‍പ്പന നടത്തിയതിനും സ്റ്റോക്ക് ക്രമവിരുദ്ധമായി കൈകാര്യം ചെയ്തതിനുമാണു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്.

Tags:    
News Summary - Sugar scam: Seven Supplyco employees suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.