ദേശീയപാത അപകടങ്ങൾ, കലക്ടർമാർ ഇറങ്ങും
തിരുവനന്തപുരം: ദേശീയപാതകളിലെ അപകടങ്ങൾ ഇല്ലാതാക്കാൻ ജില്ല അടിസ്ഥാനത്തിൽ കലക്ടർമാരുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തിനകം പ്രത്യേക കമ്മിറ്റികൾ നിലവിൽവരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ഓരോ ജില്ലയിലെയും ദേശീയപാത നിർമാണവും സുരക്ഷയും ഈ കമ്മിറ്റി വിലയിരുത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.
തൃശൂർ, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ ദാരുണ വാഹനാപകടങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിന്‍റെ പശ്ചാത്തലത്തിലാണ് എൻ.എച്ച്.എ.ഐ അധികൃതർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ജില്ല കലക്ടർമാർ എന്നിവരുമായി ഉന്നതതല യോഗം ചേർന്നതെന്ന് യോഗതീരുമാനം അറിയിച്ച മന്ത്രി വ്യക്തമാക്കി. അപകടകാരണങ്ങൾ വിലയിരുത്തുകയും ഉടൻ നടപ്പാക്കേണ്ട സുരക്ഷ നടപടികൾ തീരുമാനിക്കുകയും ചെയ്തു.
ദേശീയപാത നിർമാണം പൂർത്തിയാക്കുക 2028ലായിരിക്കുമെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചതായും മന്ത്രി ബഷീർ അറിയിച്ചു. നിർമാണം പൂർത്തിയാകാത്ത ഒരിടത്തും ടോൾ പിരിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് എൻ.എച്ച്.എ.ഐ പ്രതിനിധിയും വ്യക്തമാക്കി. 70 ശതമാനം പണി പൂർത്തിയായിടത്ത് 15 ദിവസം കൊണ്ട് ലൈറ്റുകളും ബോർഡുകളും സ്ഥപിക്കാമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുല്ല, ട്രാൻസ്പോർട്ട് കമീഷണർ സി.എച്ച്. നാഗരാജു, ട്രാൻസ്പോർട്ട് ഐ.ജി. സതീഷ് ബിനോ തുടങ്ങിയവരും സംബന്ധിച്ചു.
അടിയന്തര നടപടികൾ ഇവ
എൻ.എച്ച് 66 ഉൾപ്പെടെയുള്ള ദേശീയപാതകളിൽ നിർമാണത്തിലിരിക്കുന്നതും പ്രവൃത്തി പൂർത്തിയായതുമായ സ്ഥലങ്ങളിൽ വാണിങ് സൈനേജ്, ബാരിയർ, ലൈറ്റിങ്, റിഫ്ലക്ടർ എന്നിവ ഉടൻ സ്ഥാപിക്കും.
റോഡിന്‍റെ വശത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും.
ബ്ലാക്ക് സ്പോട്ടുകളിൽ ഹ്രസ്വകാല സുരക്ഷ ക്രമീകരണങ്ങൾ 15 ദിവസത്തിനകം പൂർത്തിയാക്കും.
ദീർഘകാല നടപടികളുടെ ഭാഗമായി വാഹനങ്ങൾക്ക് പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി വേ സൈഡ് അമെനിറ്റീസ് പദ്ധതികൾ നടപ്പാക്കും.
പ്രധാന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിൽ, ഫൂട് ഓവർ ബ്രിഡ്ജുകൾ പണിയും.
അമിതവേഗത്തിനും തെറ്റായ പാർക്കിങ്ങിനുമെതിരെ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തും.
രാത്രിയിൽ പ്രത്യേക സ്പീഡ് ചെക്കുകളും പരിശോധനകളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.